ഇ.വി.എമ്മിൽ കൃത്രിമം നടന്നുവെന്ന പ്രചാരണത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്നാരോപിച്ച് മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ഫിറോസ് ആരോപണം ഉയർത്തിയത്. ഇങ്ങനെയൊരു പ്രചാരണത്തിലൂടെ ബി.ജെ.പിക്ക് വോട്ട് നേടിക്കൊടുക്കുകയാണ് ആർ.എസ്.എസിന്റെ ഉദ്ദേശ്യമെന്നും പി.കെ. ഫിറോസ് പോസ്റ്റിൽ പറയുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. വൻ വിജയം നേടിയപ്പോൾ ഇ.വി.എമ്മിൽ കൃത്രിമം കാട്ടി എന്ന ആരോപണവുമായി ചിലർ രംഗത്ത് വന്നിട്ടുണ്ടെന്നും ഇങ്ങനെ പറയുമ്പോൾ അതിലൂടെ ഗുണം നേടുന്നത് ബി.ജെ.പി. ആണെന്നും ഫിറോസ് പറയുന്നു. ഇങ്ങനെ ഒരു ആരോപണത്തിന് പ്രചാരണം കിട്ടുമ്പോൾ ബി.ജെ.പി. ഭരണത്തിൽ മനം മടുത്ത വോട്ടർമാർ വോട്ട് ചെയ്യാൻ മിനക്കെടില്ലെന്നും അതുവഴി ബി.ജെ.പി. അനുകൂലരുടെ വോട്ടുകൾ മാത്രമായി നേടാൻ ബി.ജെ.പിക്ക് കഴിയുമെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു. നമ്മൾ ഇന്ത്യയെ വീണ്ടെടുക്കും എന്ന ഹാഷ്ടാഗോട് കൂടിയാണ് പി.കെ. ഫിറോസിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
പി.കെ. ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ
ബി.ജെ.പി വീണ്ടും അധികാരത്തിലേറിയപ്പോൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെ പഴി പറഞ്ഞ് രംഗത്ത് വരുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഇ.വി.എമ്മിന് വിശ്വാസ്യതയില്ല എന്ന് പ്രചരണം നടത്തിയാൽ അതിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ ആരാകുമെന്നറിയാതെയാണ് പലരും ഇത്തരമൊരു ക്യാമ്പയിൻ ഏറ്റെടുക്കുന്നത്. അവിശ്വസനീയമായ വിജയമാണ് ബി.ജെ.പി നേടിയതെങ്കിലും വോട്ടിംഗ് മെഷീനിൽ കൃത്രിമം നടത്തിയാണ് ഈ വിജയം നേടിയത് എന്നതിൽ വല്ല വാസ്തവവുമുണ്ടോ? വോട്ടിംഗ് മെഷീനിൽ എങ്ങിനെ കൃത്രിമം നടത്തി എന്നാണ് ആരോപണം ഉന്നയിക്കുന്നവർ പറയുന്നത്? ചെയ്യുന്ന വോട്ടുകൾ മുഴുവൻ ബി.ജെ.പി ചിഹ്നത്തിൽ പതിഞ്ഞു എന്നാണോ?
അങ്ങിനെയെങ്കിൽ ഒരു നിയോജക മണ്ഡലത്തിലെ 5 ബൂത്ത് വീതം വി.വി പാറ്റുകൾ എണ്ണിയപ്പോൾ പൊരുത്തക്കേടുകൾ ഉണ്ടാവേണ്ടതായിരുന്നില്ലേ? 543 പാർലമെന്റ് മണ്ഡലത്തിലെയും നിയോജക മണ്ഡലം അടിസ്ഥാനത്തിൽ വി.വി പാറ്റുകൾ എണ്ണിയപ്പോൾ ഒരിടത്ത് പോലും വ്യത്യാസം ഉണ്ടായതായി റിപ്പോർട്ടില്ല. ഇനി ഇ.വി.എം ഹാക്ക് ചെയ്തു എന്നു പറയുന്നവർ എങ്ങിനെ അത് ചെയ്തു എന്നാണ് പറയുന്നത്? ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അതിനുള്ള സാധ്യതകളുണ്ട് എന്ന് പറഞ്ഞാൽ വാദത്തിന് അംഗീകരിക്കാം. എന്നാൽ മറ്റു സംസ്ഥാനങ്ങളിലോ?
മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഢിലും പശ്ചിമ ബംഗാളിലും കർണാടകയിലുമൊക്കെ ബി.ജെ.പി ഇതര ഗവൺമെന്റുകളല്ലേ ഭരണത്തിലിരിക്കുന്നത്? എന്നിട്ടുമെങ്ങിനെയാണ് ബിജെപിക്ക് ഇത്രയധികം സീറ്റുകൾ ഈ സംസ്ഥാനങ്ങളിൽ നിന്ന് പോലും കിട്ടിയത്? സ്റ്റേറ് മെഷിനറി അറിയാതെ മറ്റാർക്കെങ്കിലും ഇ.വി.എം കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ കഴിയുമോ? ഇനി ഹാക്ക് ചെയ്ത മെഷീൻ എന്തേ കേരളത്തിലും തമിഴ്നാട്ടിലും വരാതിരുന്നത്. ഒരു സെറ്റ് മെഷീൻ ആ തിരുവനന്തപുരത്തേക്കെങ്കിലും ബി.ജെ.പി കൊടുത്തയക്കാതിരിക്കുമോ?
കുമ്മനം കൂടി ജയിച്ചിരുന്നെങ്കിൽ ഇ.വി.എമ്മിനെ പ്രത്യേകിച്ച് ആരെങ്കിലും സംശയിക്കുമോ? എന്റെ അഭിപായത്തിൽ ഇ.വി.എമ്മിൽ ക്രമക്കേട് ഉണ്ട് എന്ന പ്രചരണത്തിന് പിന്നിൽ ആർ. എസ്.എസ്സാണ്. പ്രതിപക്ഷത്തെ ആ കെണിയിൽ വീഴ്ത്തിയതാണ്. ബി.ജെ.പിയുടെ കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തിൽ മനം മടുത്ത ഒരു ജനത ഇവിടെ ഉണ്ട് എന്നത് വസ്തുതയാണ്. അവരുടെ അവസാനത്തെ ആയുധമാണ് ബി.ജെ.പിക്കെതിരെ വോട്ട് രേഖപ്പെടുത്തുക എന്നത്. എന്നാൽ ഇ.വി.എമ്മിൽ ബി.ജെ.പിക്കെതിരെ നിങ്ങൾ വോട്ട് ചെയ്താലും കാര്യമില്ല എന്ന് വന്നാൽ ആരെങ്കിലും വോട്ടു ചെയ്യാൻ പോവുമോ?
അതിന്റെ പ്രയോജനം ആർക്കാണ് ലഭിക്കുക. രാജ്യത്ത് പോൾ ചെയ്യാത്ത വോട്ടിന്റെ നല്ലൊരു ശതമാനം ഇത്തരക്കാരുടേതായിരിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. 21 പ്രതിപക്ഷ കക്ഷികൾ ഒരുമിച്ചത് ഇ.വി.എമ്മിന്റെ പേരിലാണ്. അപ്പോഴും ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടായി പോരാടാൻ മടിച്ച് നിന്നു. ഇനിയെങ്കിലും പരാജയത്തെ യാഥാർത്ഥ്യ ബോധത്തോടെ വിലയിരുത്തണം. തെരഞ്ഞെടുപ്പിന്റെ തലേന്ന് നൽകിയ രണ്ടായിരം രൂപ കർഷക ആത്മഹത്യകളെ മറക്കാൻ അവരെ പ്രേരിപ്പിച്ചു. ബാലാകോട്ടിൽ ഭീകരരെ കൊന്നൊടുക്കി എന്ന പ്രചരണം നോട്ടു നിരോധനത്തിന്റെ യാതനകളെ വിസ്മരിക്കാൻ അവരെ സഹായിച്ചു. ഹിന്ദുത്വവും അമിത ദേശീയതയും ഭൂരിപക്ഷ ജനതയുടെ ജീവവായുവാക്കി മാറ്റി.
മേഘമുള്ള സമയത്ത് പാകിസ്ഥാനിൽ അക്രമം നടത്താൻ കാരണം മോദിയുടെ ബുദ്ധിയാണ് എന്ന് വിശ്വസിക്കുന്നവരാണ് ഇന്ത്യയിലെ മഹാ ഭൂരിപക്ഷം ജനതയും. അത് 'തള്ള്' മാത്രമായി തോന്നുന്നത് നമുക്ക് മാത്രമാണ്. അത്തരമൊരു ജനതയെ യഥാർത്ഥ പ്രശ്നങ്ങളിലേക്ക് കൊണ്ടു വരിക എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ധർമ്മം. ആ ഉത്തരവാദിത്തം നിർവ്വഹിക്കാതെ ഇനിയും ഇ.വി.എമ്മിൽ ചുറ്റിത്തിരിയാനാണ് ഭാവമെങ്കിൽ മതേതര ഭരണകൂടം രാജ്യത്ത് സാധ്യമാവുന്നത് വിദൂര സ്വപ്നമായി അവശേഷിക്കും. അത് കൊണ്ട് ഇനിയുള്ള നാളുകൾ പ്രതിപക്ഷം കരുതലോടെ ചുവടു വെക്കണം.
ഇനിയൊരഞ്ചു വർഷം കൂടി കാത്തിരിക്കുക എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ കാലയളവല്ല. സ്വാതന്ത്ര്യം നേടി 30 വർഷമാണ് ഒരു കോൺഗ്രസ് ഇതര ഗവൺമെന്റ് ഉണ്ടാക്കാൻ എതിരാളികൾ കാത്തിരുന്നത്. 1977ൽ ഇന്ദിരാഗാന്ധിയടക്കം തോറ്റിട്ടും കോൺഗ്രസ് ശക്തമായി തിരിച്ച് വന്നിട്ടുണ്ട്. ഒന്നും അസംഭവ്യമല്ല. ബി.ജെ.പിയുടെ കുതന്ത്രങ്ങൾ തിരിച്ചറിഞ്ഞ് ശക്തമായ പ്രതിപക്ഷമാവാം. ഒറ്റക്കെട്ടായി പടപൊരുതാം. ഇന്ത്യയെ നമുക്ക് വീണ്ടെടുക്കാം. #നമ്മൾ_ഇന്ത്യയെ_വീണ്ടെടുക്കും...