dhrona

ചെറുതോണി: കുളിക്കാനിറങ്ങിയ അയൽക്കാരായ രണ്ട് വിദ്യാർത്ഥികൾ പെരിയാറിലെ കയത്തിൽ മുങ്ങിമരിച്ചു. ഇന്നലെ വൈകിട്ട് നാലിന് മഞ്ഞപ്പാറയ്ക്ക് സമീപംപെരിയാറിലുള്ള കയത്തിലായിരുന്നു സംഭവം. കുടിയിങ്കൽ ജിജിയുടെയും മായയുടെയും മകൻ വിവേക്(13), കുന്നേൽ ഷാനിന്റെയും മഞ്ചുവിന്റെയും മകൻ ദ്രോണ(8) എന്നിവരാണ് മരിച്ചത്.

വിവേക് വാഴത്തോപ്പ് സെന്റ് ജോർജ് സ്‌കൂളിൽ ഏഴാംക്ലാസ് വിദ്യാർത്ഥിയും ദ്രോണ കരിമ്പൻ സെന്റ് തോമസ് സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാത്ഥിയുമാണ്. ജിജി ടൈൽ പണിക്കാരനാണ്. ടിപ്പർ ഡ്രൈവറാണ് ഷാൻ. ഇരുകുടുംബങ്ങളും ജോലിയുടെ സൗകര്യത്തിന് മഞ്ഞപ്പാറയിൽ പെരിയാറിന്റെ കരയിലായി ഒരു വീടിന്റെ രണ്ട് മുറികളിലായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. സ്ഥിരമായി ഇവർ ഇവിടെ കുളിക്കുകയും അലക്കുകയും ചെയ്തിരുന്നതാണ്. ഇന്നലെ ഉച്ചകഴിഞ്ഞാണ് ഏതാനും കുട്ടികൾ ഇവിടെ കുളിക്കാനിറങ്ങിയത്. ഇതിനിടെ മൂന്നു കുട്ടികൾ വെള്ളത്തിൽ താണു. താഴ്ന്നുപോയ കുട്ടികളെ രക്ഷിക്കുന്നതിനായി ഇറങ്ങിയ ദ്രോണയുടെ മാതാവ് മഞ്ചുവും വെള്ളത്തിൽ താഴ്ന്നു. കുട്ടികളുടെ കൂട്ടത്തിലുണ്ടായിരുന്ന ശ്രീക്കുട്ടൻ(14) മഞ്ചുവിനെയും ഒരു കുട്ടിയെയും രക്ഷപ്പെടുത്തി. വിവേകിനേയും ദ്രോണയെയും രക്ഷിക്കാനുള്ള ശ്രമം വിഫലമായി. സമീപവാസികൾ കുട്ടികളെ മുങ്ങിയെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവേകിന്റെ സഹോദരൻ വിശാൽ, ദ്രോണയുടെ സഹോദരൻ ദക്ഷിണ. ഇടുക്കി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലെ മോർച്ചറിയിലേക്ക് മാറ്റി.