അഞ്ച് വർഷത്തോളമായി ഈ പ്രോജക്ടിൽ താൻ പ്രവർത്തിക്കുകയാണെന്നും ചിത്രത്തിലെ നടന്മാർ, അണിയറ പ്രവർത്തകർ മറ്റ് കാര്യങ്ങൾ എന്നിവ വഴിയേ അറിയിക്കുമെന്നും ശ്രീനാഥ് രാജേന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. ദുൽഖർ സൽമാന്റെ ആദ്യ ചിത്രമായ 'സെക്കൻഡ് ഷോ'യുടെ സംവിധായകനും ശ്രീനാഥായിരുന്നു.
അതിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത 'കൂതറ' ഏറെ സംസാരവിഷയം ആയിരുന്നെങ്കിലും പ്രേക്ഷക ശ്രദ്ധ നേടാൻ സാധിച്ചില്ല. ആ ചിത്രത്തിന് ശേഷം അഞ്ച് വർഷത്തെ നീണ്ട കാത്തിരിപ്പിലൊടുവിലാണ് 'കുറുപ്പു'മായി ശ്രീനാഥ് വീണ്ടും എത്തുന്നത്.
പുതിയ വാർത്ത ദുൽഖർ ആരാധകരെ ഏറെ ആവേശത്തിലാക്കിയിരിക്കുകയാണ്. വിവാദനായകനായ സുകുമാരക്കുറുപ്പിന്റെ കഥ എങ്ങനെയാണ് അവതരിപ്പിക്കുക എന്ന കാര്യത്തെക്കുറിച്ചും ഏറെ ആകാംക്ഷയിലാണ് പ്രേക്ഷകർ. ചാക്കോ എന്ന മനുഷ്യനെ കൊലപ്പെടുത്തി കാറിലാക്കി തീവച്ച് താനാണ് കൊല്ലപ്പെട്ടതെന്ന് വരുത്തിത്തീർത്ത് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ശ്രമിച്ചയാളാണ് സുകുമാരക്കുറുപ്പ്.
അതിന് ശേഷം ഇയാൾ അപ്രത്യക്ഷനാവുകയായിരുന്നു. പിന്നീട് ഇയാൾ എവിടെയാണെന്നും ഏത് രൂപത്തിൽ ജീവിക്കുകയാണെന്നും നടത്തിയ അന്വേഷണങ്ങൾ എങ്ങുമെത്താതെ പോകുകയായിരുന്നു. ഇപ്പോഴും ഇയാളെ തേടിയുള്ള അന്വേഷണങ്ങൾ അവസാനിച്ചിട്ടില്ല.