km-mani

തിരുവനന്തപുരം:കെ.എം മാണിക്ക് ആദരമർപ്പിച്ച് നിയമ സഭയുടെ ബജറ്റ് സമ്മേളനം ആരംഭിച്ചു. തിരഞ്ഞെടുപ്പ് ജയത്തിലെ മാണിയുടെ റെക്കോർഡ് ഇനി തകർക്കാൻ സാധിക്കുമോയെന്ന് സംശയമാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. സമാനതകളില്ലാത്ത നേതാവായിരുന്നു കെ.എം മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.

കേരള രാഷ്ട്രീയത്തെ തന്റെ വഴിയിലേക്ക് നയിച്ച നേതാവായിരുന്നു മാണിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറ‌ഞ്ഞു. പി.ജെ ജോസഫാണ് കെ.എം മാണിയുടെ സീറ്റിൽ ഇരിക്കുന്നത്. അതേസമയം നിയമസഭയിൽ മാണി ഇരുന്ന സീറ്റ് ഉപനേതാവായ പി.ജെ ജോസഫിന് നൽകിയതോടെ പാർട്ടിയിലെ തർക്കം രൂക്ഷമായിരിക്കുകയാണ്. പി.ജെ ജോസഫിന് മുൻനിര സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് ജോസഫ് വിഭാഗവും, നൽകരുതെന്നാവശ്യപ്പെട്ട് മാണിവിഭാഗവും സ്പീക്കർക്ക് കത്ത് നൽകിയിരുന്നു.

ആദ്യം പാർട്ടി ചെയ‌ർമാനെ തിരഞ്ഞെടുക്കണം, പിന്നീടാണ് പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കേണ്ടതെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ജോസ്.കെ മാണി. അതേസമയം ചെയർമാൻ മുതിർന്ന നേതാവാകണമെന്ന് മാണി പറ‌ഞ്ഞിരുന്നെന്നും താൻ വർക്കിംഗ് ചെയ‌ർമാനായിരുന്നെന്നും പി.ജെ ജോസഫ് പറഞ്ഞു. എന്നാൽ ജൂൺ ഒന്പതിനകം നിയമസഭ കക്ഷി നേതാവിനെ തിരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർ കേരള കോൺഗ്രസിന് കത്തയച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഏപ്രിൽ ഒന്പതിനാണ് കെ. എം മാണി അന്തരിച്ചത്.