പത്തനംതിട്ട: ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വർണത്തിലും വെള്ളിയിലും കുറവ് വന്ന സംഭവത്തിൽ മഹസർ പത്തനംതിട്ടക്ക് കൊണ്ടുവന്നത് ഓഡിറ്റിംഗ് സൗകര്യം ഒരുക്കാനെന്ന് ശബരിമല എക്‌സിക്യൂട്ടിവ് ഓഫീസർ ഡി.സുധീഷ് കുമാർ പറഞ്ഞു. അതേസമയം, ഓഡിറ്റിംഗ് നടത്തുന്നതിനു മുമ്പ് ഞായറാഴ്ച ഓഫീസിലെത്തി ജീവനക്കാർ ശരിയാക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രമുഖ മാദ്ധ്യമം പുറത്തുവിട്ടു.
സ്വർണവും വെള്ളിയിലലും കുറവില്ലെന്നാണ് എക്സിക്യൂട്ടീവ് ഓഫീസറുടെ ഭാഗം. ഇക്കാര്യം പരിശോധനയിൽ തെളിയുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ കണക്കുകൾ സൂക്ഷിച്ചിരിക്കുന്നതിന് വിഭിന്നമായി ആറന്മുളയിലെ സ്ട്രോംഗ് റൂം മഹസറിൽ രേഖപ്പെടുത്തിയിട്ടില്ല എന്ന് കണ്ടെത്തിയതിലായിരുന്നു പരിശോധന. ഓഡിറ്റർ പ്രദാപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തോട് ചേർന്നുള്ള സ്ട്രോംഗ് റൂമിലെ മഹസറാണ് ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗം പരിശോധിക്കുക. കഴിഞ്ഞ ദിവസം ഓഫീസിലെത്തി ജീവനക്കാർ ഇതുസംബന്ധിച്ച രേഖകൾ ശരിയാക്കിയിരുന്നു.
40 കിലോ സ്വർണത്തിന്റെയും 100 കിലോ വെള്ളിയുടെയും കുറവുകളാണ് സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. സ്വർണവും വെള്ളിയും സട്രോംഗ് റൂമിൽ നിന്ന് മാറ്റിയത് രേഖകളില്ലാതെയാണെന്നും കണ്ടെത്തിയിരുന്നു. 2017 മുതലുള്ള കണക്കുകളിലാണ് ഓഡിറ്റിംഗ് വിഭാഗം പൊരുത്തക്കേടുകൾ ചൂണ്ടികാട്ടുന്നത്.
ശബരിമലയിലെ രേഖകളിൽ സ്വർണം എത്തിയെന്ന് കാണിക്കുന്നുണ്ടെങ്കിലും മഹസറിൽ രേഖപ്പെടുത്തിയില്ലെങ്കിൽ സ്വർണ്ണം തൂക്കി നോക്കുന്നതടക്കമുള്ള നടപടികളാണ് നടക്കുക. എന്നാൽ, ശബരിമല സ്വർണം നഷ്ടമായിട്ടില്ലെന്നും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനാണ് അനാവശ്യവിവാദത്തിന് പിന്നിലെന്നുമാണ് ദേവസ്വം ബോർഡിന്റെ നിലപാട്.
അതേസമയം, നടവരവായി ശബരിമലയിൽ ലഭിച്ച സ്വർണത്തിൽ കുറവുണ്ടെന്ന ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തലിൽ അവ്യക്തതയുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞു. ആറന്മുളയിലെ സ്ട്രോംഗ് റൂമിലാണ് ശബരിമലയിൽ ലഭിക്കുന്ന സ്വർണങ്ങളും രത്നങ്ങളും സൂക്ഷിക്കുന്നത്. സമീപകാലത്തൊന്നും ഇവിടെ പരിശോധന നടന്നിട്ടില്ലെന്നും പിന്നെങ്ങനെ സ്വർണത്തിൽ കുറവുണ്ടായി എന്ന് കണ്ടെത്താൻ കഴിഞ്ഞുവെന്നുമാണ് ദേവസ്വം ഉദ്യോഗസ്ഥർ ചോദിക്കുന്നത്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടില്ലെന്നും ശബരിമല അസി.എക്സിക്യൂട്ടീവ് ഓഫീസർ ഡി.ജയകുമാർ കേരളകൗമുദിയോട് പറഞ്ഞു.