rail-track

പാറശാല: കഴിഞ്ഞയാഴ്ച സുരക്ഷാ ഏജൻസികളുടെ നെഞ്ചിടിപ്പേറ്റി റെയിൽവേ ട്രാക്കിലൂടെ ബുള്ളറ്റിൽ പാഞ്ഞ യുവാവും പെൺകുട്ടിയും പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര ഭാഗത്തേക്ക് അരക്കിലോമീറ്ററോളം ദൂരം ഇവർ റെയിൽവേ ട്രാക്കിലൂടെ യാത്ര ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. ട്രെയിൻ വരുന്നതിന് തൊട്ടുമുൻപാണ് സാഹസിക പ്രവർത്തി ഗേറ്റ് കീപ്പർ ശ്രദ്ധിച്ചത്. റെയിൽവേ ട്രാക്കിലൂടെ അർദ്ധരാത്രിയിൽ ബുള്ളറ്റിൽ യാത്രചെയ്ത ദമ്പതികളെ തിരുവനന്തപുരം ആർ.പി.എഫ് അറസ്റ്റുചെയ്തു. ധനുവച്ചപുരം പരുത്തിവിള കുളവടിത്തല പുത്തൻവീട്ടിൽ കണ്ണൻ എന്ന അജിത് (27), ഭാര്യ ആതിര (24) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ 21ന് രാത്രി 12.15ന് അമരവിള എയ്തുകൊണ്ടാംകാണിയിലെ റെയിൽവേ ഗേറ്റിൽ നിന്നു നെയ്യാറ്റിൻകര ഭാഗത്തേക്ക് അരക്കിലോമീറ്ററോളം ദൂരം ഇവർ റെയിൽവേ ട്രാക്കിലൂടെ യാത്ര ചെയ്ത സംഭവത്തിലാണ് അറസ്റ്റ്.

ട്രാക്കിലൂടെ ബുള്ളറ്റ് ഓടിച്ചതിന് പിന്നിൽ അട്ടിമറി ശ്രമമാണോ എന്ന സംശയം ഉയർന്നിരുന്നു. എന്നാൽ
നെയ്യാറ്റിൻകര നിന്നു രാത്രിയിൽ വീട്ടിലേക്ക് പോകവേ ഇരുവരും തമ്മിൽ പിണങ്ങിയതിനെ തുടർന്ന് ഭാര്യയെ പേടിപ്പിക്കാനാണ് ട്രാക്കിലൂടെ ബുള്ളറ്റ് ഓടിച്ചതെന്നാണ് ഭർത്താവ് ആർ.പി.എഫിനോട് പറഞ്ഞു. ബൈക്ക് യാത്ര ശ്രദ്ധയിൽപ്പെട്ട ഗേറ്റ് വാച്ചർ വിവരം ആർ.പി.എഫ് അധികൃതരെ അറിയിച്ചതിനെ തുടർന്ന് അതുവഴി കടന്നുപോകേണ്ട ഗുരുവായൂർ എക്സ്പ്രസ് ട്രെയിൻ നെയ്യാറ്റിൻകര സ്റ്റേഷൻ മാസ്റ്റർ ഇടപെട്ട് നിറുത്തിയിടുകയായിരുന്നു. തുടർന്ന് ട്രാക്കിൽ പരിശോധന നടത്തിയ ശേഷമാണ് യാത്ര പുനരാരംഭിച്ചത്. യാത്രയ്ക്കിടെ ലോക്കോ പൈലറ്റ് നൽകിയ വണ്ടി നമ്പരിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ദമ്പതികളെ കണ്ടെത്തിയത്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന യാത്രക്കാരുടെ സുരക്ഷിത യാത്ര തടസപ്പെടുത്തൽ, റെയിൽവേ പാളത്തിൽ അതിക്രമിച്ച് കയറി അപകടം സൃഷ്ടിക്കുന്നതിന് ശ്രമിച്ചു എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തശേഷം ജാമ്യത്തിൽ വിട്ടയച്ചു.