school-

മുക്കം: വിവാദം പുകയുമ്പോളും വിദ്യാർത്ഥികൾ പ്രവേശനം തേടുന്നത് നീലേശ്വരം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ തന്നെ. പരിസര പ്രദേശങ്ങളിൽ നുറുമേനിയുടെ തിളക്കവുമായി നിൽക്കുന്ന അനവധി സ്വകാര്യ സ്‌കുളുകളും എയ്ഡഡ് സ്‌കുളുകളും ഉണ്ടായിട്ടും എല്ലാം അവഗണിച്ചാണ് വിദ്യാർത്ഥികൾ നീലേശ്വരം സ്‌കൂളിൽ പ്രവേശനത്തിനെത്തുന്നത്. രണ്ടു ദിവസം കൊണ്ട് ഇവിടെ പകുതിയിലേറെ സീറ്റുകളിലും പ്രവേശനം പൂർത്തിയായി. ആദ്യ അലോട്ട്‌മെന്റിൽ പ്രവേശനം ലഭിച്ചവർക്ക് സ്‌കൂളിൽ ചേരാൻ തിങ്കളാഴ്ച വൈകുന്നേരം വരെ സമയമുണ്ട്. മെയ് 30 ന് രണ്ടാം അലോട്ട് മെന്റ് നടക്കും. 100 സീറ്റുള്ള സയൻസ് വിഭാഗത്തിൽ 63 പേരും 50 സീറ്റുള്ള കൊമേഴ്സിൽ 15 പേരുമാണ് പ്രവേശനം നേടിയത്.

ജൂൺ മൂന്നിനു തന്നെ ക്ലാസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്‌കൂളധികൃതർ. അദ്ധ്യയന നിലവാരവും വിജയശതമാനവും ഉയർത്താനുള്ള പദ്ധതികളും പ്രാവർത്തികമാക്കും.ഈ പദ്ധതികൾ അദ്ധ്യയനമാരംഭിക്കുന്ന ദിവസം തന്നെ രക്ഷകർത്താക്കളെ വിളിച്ചുകൂട്ടി അവരെ അറിയിക്കുകയും സഹകരണം തേടുകയും ചെയ്യും. ഹയർ സെക്കൻഡറി പരീക്ഷയിൽ കഴിഞ്ഞ പ്രാവശ്യം നടന്ന തിരിമറിയാണ് സ്‌കൂളിനെ വിവാദത്തിലാക്കിയത്. പ്രശ്നത്തിനുത്തരവാദിയായി കരുതുന്ന അദ്ധ്യാപകനും പ്രിൻസിപ്പലും സസ്‌പെൻഷനിലാണ്. ഇവർക്കെതിരെ പൊലീസ് കേസുമുണ്ട്.