തിരുവനന്തപുരം: എട്ടരക്കോടിയുടെ സ്വർണക്കടത്ത് കേസിൽ തിരുവനന്തപുരത്തെ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ഡി.ആർ.ഐ കുടുക്കിയത് കടുകട്ടിയായ കസ്റ്റംസ് നിയമത്തിലൂടെ. ഇന്ത്യൻ ശിക്ഷാ നിയമമല്ല, കസ്റ്റംസ് നിയമമാണ് കള്ളക്കടത്ത് തടയാനുള്ള കസ്റ്റംസ്, ഡി.ആർ.ഐ തുടങ്ങിയ ഏജൻസികൾക്ക് ബാധകം. കള്ളക്കടത്ത് നടത്തുന്ന സ്വർണമോ മറ്റ് സാധനങ്ങളോ വിമാനത്താവളത്തിന് പുറത്തുപോയാൽ അവ കടത്തിയതാണെന്ന് തെളിയിക്കാനാവില്ല. സ്വർണമാണെങ്കിൽ ഉടൻ ഉരുക്കി രൂപംമാറ്റും. രാജ്യത്തിന് നികുതിയിനത്തിൽ വൻ വരുമാനനഷ്ടമുണ്ടാവും. അതിനാൽ കള്ളക്കടത്ത് നടത്താനോ സഹായിക്കാനോ ഉള്ള സാഹചര്യം മാത്രം മതി കസ്റ്റംസ് നിയമപ്രകാരം കേസെടുക്കാനെന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പിടിയിലാവുന്ന ഉദ്യോഗസ്ഥർക്കെതിരെ കള്ളക്കടത്തും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതുമായ വകുപ്പുകൾ ചുമത്താം. അറസ്റ്റിലാവുന്നവരുടെ കുറ്റസമ്മത മൊഴിക്കും ഏറെ വിലയുണ്ട്. വിമാനത്താവളത്തിലെ സൂപ്രണ്ട് രാധാകൃഷ്ണൻ, സ്വർണക്കടത്ത് നടത്തിയ സെറീനയെ ആറുതവണയെങ്കിലും സഹായിച്ചതായാണ് ഡി.ആർ.ഐ കണ്ടെത്തൽ. മേയ് 1, 5, 7, 9, 11 തീയതികളിൽ ഇവർ തിരുവനന്തപുരം വിമാനത്താവളം വഴി യാത്രചെയ്തിട്ടുണ്ടെന്നും സ്വർണം കടത്തിയെന്നും കണ്ടെത്തി. എല്ലാദിവസവും സെറീനയുടെ കൈവശം ഒരേ ഹാൻഡ്ബാഗാണ് ഉണ്ടായിരുന്നത്. ഇതൊരു അടയാളമായിരിക്കാമെന്ന് ഡി.ആർ.ഐ പറയുന്നു. സ്വർണക്കടത്ത് നടത്തിയ ദിവസങ്ങളിലെല്ലാം രാധാകൃഷ്ണനാണ് പരിശോധനയുടെ ചുമതലയിലുണ്ടായിരുന്നതെന്ന് കണ്ടെത്തി.
സെറീന എത്തുമ്പോൾ എക്സ്‌റേ പരിശോധനയിലുള്ള ഇൻസ്‌പെക്ടറെ കസേരയിൽ നിന്ന് എഴുനേൽപ്പിച്ച്, സൂപ്രണ്ട് ബാഗ് പരിശോധന നടത്തുന്നതായും ക്ലിയറൻസ് നൽകി വിട്ടയയ്ക്കുന്നതായും സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. എക്സിറ്റ് ഗേറ്റിലൂടെ സെറീന പുറത്തിറങ്ങിയ ശേഷം സൂപ്രണ്ട് എഴുന്നേറ്റുപോയി അവർ വിമാനത്താവളത്തിന് പുറത്തേക്കുപോയെന്ന് ഉറപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എക്സ്‌റേ പരിശോധനയ്‌ക്കെത്തിയെങ്കിലും രജിസ്റ്ററിൽ സൂപ്രണ്ട് ഒപ്പിട്ടിട്ടില്ല. സംശയമുനയിലുള്ള ഇൻസ്‌പെക്ടർമാരും സമാനമായ കുറ്റങ്ങൾ ചെയ്തിട്ടുണ്ട്. സൂപ്രണ്ടിന്റെ ഫോണിൽ നിന്ന് സെറീനയ്ക്ക് വിളികൾ പോയിട്ടില്ലെന്നും സ്വർണക്കടത്ത് സംഘത്തിലെ വിഷ്ണുവിനെ നിരന്തരം വിളിച്ചതായും സിഡാക്കിലെ പരിശോധനയിൽ കണ്ടെത്തി. സൂപ്രണ്ട് നശിപ്പിച്ച ഫോൺവിവരങ്ങൾ ശാസ്ത്രീയമായി വീണ്ടെടുത്ത ശേഷമായിരുന്നു അറസ്റ്റ്. ഡി.ആർ.ഐയുടെ ചോദ്യംചെയ്യലിൽ സൂപ്രണ്ട് ആരോപണങ്ങളെല്ലാം നിഷേധിച്ചെങ്കിലും സി.സി.ടി.വി ദൃശ്യങ്ങൾ കാണിച്ചപ്പോൾ കുറേക്കാര്യങ്ങൾ സമ്മതിച്ചു. തിരുവനന്തപുരത്തെ സെൻട്രൽ എക്‌സൈസ് കേഡർ ഉദ്യോഗസ്ഥനായ രാധാകൃഷ്ണൻ കസ്റ്റംസിലെ പതിനൊന്ന് സൂപ്രണ്ടുമാരിൽ മുതിർന്നയാളാണ്.