കൊൽക്കത്ത : പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ സി.പി.എമ്മിന് ആശ്വസിക്കുവാൻ വകയൊന്നുമില്ലെങ്കിലും മുഖ്യശത്രുവായ തൃണമൂൽ കോൺഗ്രസിനേറ്റ അപ്രതീക്ഷിതമായ തോൽവിയിൽ മറ്റൊരു നേട്ടം കൈവരിച്ചിരിക്കുകയാണ് പാർട്ടി . തൃണമൂൽ അക്രമങ്ങളെ ഭയന്ന് അടച്ചിട്ടിരുന്നതും, തൃണമൂൽ കൈയ്യടക്കി വച്ചിരുന്നതുമായ പാർട്ടി ഓഫീസുകൾ വീണ്ടും തുറക്കാനായതിന്റെ ആശ്വാസത്തിലാണ് സി.പി.എം ഇപ്പോൾ. ബംഗാളിലെ നാദിയയിലും പുരുളിയയിലും ഉദയ്പൂരിലുമുള്ള സി.പി.എമ്മിന്റെ ലോക്കൽ കമ്മിറ്റി ഓഫീസുകളിൽ വർഷങ്ങൾക്ക് ശേഷമാണ് ചെങ്കൊടി പാറുന്നത്.
തിരഞ്ഞെടുപ്പിൽ ബി.ജെ.പിയോട് തൃണമൂൽ കോൺഗ്രസ് അടിയറവ് പറഞ്ഞ സ്ഥലങ്ങളിലാണ് മുഖ്യമായും സി.പി.എമ്മിന് പാർട്ടി ഓഫീസുകൾ തിരികെ ലഭിച്ചത് എന്ന പ്രത്യേകതയുമുണ്ട്. ബംഗാളിലെ പുരുളിയയിൽ 2016ലാണ് തൃണമൂൽ അക്രമങ്ങളെ ഭയന്ന് പാർട്ടി ഓഫീസുകൾ സി.പി.എം അടച്ചിട്ടത്. ഇതിൽ പല ഓഫീസുകൾ തൃണമൂൽ പ്രവർത്തകർ പിടിച്ചെടുത്ത് സ്വന്തം ഓഫീസായി ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ സ്ഥാനാർത്ഥിയായ മൃഗംകാ മഹാതോ ബി.ജെ.പി സ്ഥാനാർത്ഥിയായ ജ്യോതിർമയ് സിംഗിനോട് രണ്ട് ലക്ഷത്തിലേറെ വോട്ടുകൾക്ക് പരാജയപ്പെട്ടതോടെയാണ് പ്രദേശത്ത് തൃണമൂലിന്റെ ശക്തി ക്ഷയിച്ചത്. ഇത് അവസരമാക്കി സി.പി.എം ഉപയോഗിക്കുകയായിരുന്നു. എന്നാൽ പുരുളിയിൽ ജനങ്ങളുടെ മനസ് സ്വന്തമാക്കാൻ ഇനിയും സി.പി.എമ്മിനായിട്ടില്ല. ബി.ജെ.പി അട്ടിമറി വിജയം നേടിയ ഈ മണ്ഡലത്തിൽ സി.പി.എം നാലാം സ്ഥാനത്താണുള്ളത്.
അതേ സമയം സി.പി.എം ഓഫീസുകൾ വീണ്ടും തുറന്നത് സംസ്ഥാനത്ത് ബി.ജെ.പിയുമായി സി.പി.എമ്മിനുള്ള ബന്ധത്തിന്റെ തെളിവായിട്ടാണ് തൃണമൂൽ പ്രവർത്തകർ ആരോപിക്കുന്നത്. ഇടത് പക്ഷത്തിന് വ്യാപകമായ വോട്ട് ചോർച്ചയുണ്ടായ ലോക്സഭാ തിരഞ്ഞെടുപ്പിൽ സി.പി.എം പ്രവർത്തകർ ബി.ജെ.പിയിലേക്ക് കൂട്ടത്തോടെ ചേക്കേറിയതായും വാർത്തകളുണ്ടായിരുന്നു.