പിറവം: വയോധികർക്കുള്ള സംവരണ സീറ്രിൽ ഇരുന്ന അധ്യാപികയെ അസഭ്യം പറഞ്ഞതായി പരാതി. പന്പാക്കുട ഗവ. ഹയർസെക്കന്ററി സ്കൂളിലെ അധ്യാപികയായ കെ.കെ ശാന്തമ്മയ്ക്കാണ് ദുരനുഭവം ഉണ്ടായത്. പിറവം-മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ശാന്തമ്മ ബസിൽ കയറിയപ്പോൾ വയോധികർക്കുള്ള സീറ്റ് ഒഴിഞ്ഞ് കിടയ്ക്കുകയായിരുന്നു.
അധ്യാപിക ആ സീറ്റിൽ ഇരുന്നു. കുറച്ച് കഴിഞ്ഞ് യാത്രക്കാരനായ ഒരാൾ സീറ്റിൽ നിന്ന് എഴുന്നേൽക്കാൻ ആവശ്യപ്പെട്ടു. വയോധികരാരും ഇല്ലല്ലോ, വേറെയും സീറ്റുകൾ ഒഴിഞ്ഞു കിടയ്ക്കുന്നുണ്ടല്ലോ എന്ന് ചൂണ്ടിക്കാട്ടിയ അധ്യാപികയെ ഇയാൾ അസഭ്യം പറയുകയായിരുന്നു എന്നാണ് പരാതി. ബസ് ജീവനക്കാരും ഇയാൾക്കൊപ്പം ചേർന്നെന്ന് അധ്യാപികയുടെ പരാതിയിൽ പറയുന്നു.