ന്യൂഡൽഹി: കുറച്ച് മാസങ്ങൾക്ക് മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഞെട്ടലിലാണ് കോൺഗ്രസ്. ഇതിന് പിന്നാലെ ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങൾ ശക്തമായതും അവസരം മുതലെടുത്ത് ഭരണം പിടിക്കാൻ ബി.ജെ.പി ശ്രമം ആരംഭിച്ചതും പുതിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. മദ്ധ്യപ്രദേശിൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി കമൽനാഥിന്റെ നേതൃത്വത്തിൽ ശക്തമായ ശ്രമം നടക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ലെന്നാണ് വിവരം. അതിനിടെ പരാജയത്തിന്റെ പേരിൽ കമൽനാഥിനെ പുറത്താക്കി യുവനേതാവായ ജ്യോതിരാദിത്യ സിന്ധ്യയെ മുഖ്യമന്ത്രിയായി നിയമിച്ചേക്കുമെന്നും വിവരമുണ്ട്.
തോൽവി വിശകലനം ചെയ്യാൻ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ പാർട്ടിയെ നയിക്കാൻ യുവാക്കളെ നേതൃരംഗത്തേക്ക് കൊണ്ടുവരണമെന്നാണ് ആവശ്യമുയർന്നത്. എന്നാൽ തന്റെ മണ്ഡലത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോറ്റത് സിന്ധ്യയ്‌ക്ക് തിരിച്ചടിയാണ്. അതേസമയം, താൻ പാർട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവയ്‌ക്കാൻ തയ്യാറാണെന്ന തരത്തിൽ കമൽനാഥ് നടത്തിയ പ്രസ്‌താവനയും പിന്നീട് അത് തിരുത്തിയതും പുതിയ വിവാദത്തിന് കാരണമായിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നയാൾ തന്നെ പാർട്ടി അദ്ധ്യക്ഷ പദവിയും വഹിക്കുന്നത് ശരിയല്ലെന്ന് ചില നേതാക്കൾ തുറന്ന് പറയുകയും ചെയ്തു. കൂടാതെ കമൽനാഥ് അടക്കമുള്ളവർക്കെതിരെ പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെ രംഗത്ത് വന്നത് നേതൃമാറ്റത്തിന്റെ സൂചനയാണെന്നാണ് വിവരം. കഴിഞ്ഞ ശനിയാഴ് നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ്, മുൻ കേന്ദ്രമന്ത്രി പി.ചിദംബരം എന്നിവർക്കെതിരെ രാഹുൽ വിമർശനമഴിച്ചുവിട്ടത്. കോൺഗ്രസിനെ മൊത്തം ജയിപ്പിക്കാൻ ശ്രമിക്കുന്നതിന് പകരം സ്വന്തം മക്കളെ ജയിപ്പിക്കാനാണ് ഇവർ ശ്രമിച്ചത്. മക്കൾ സീറ്റ് കിട്ടിയില്ലെങ്കിൽ രാജിവയ്ക്കുമെന്ന് വരെ ഇവർ ഭീഷണിപ്പെടുത്തിയതായും രാഹുൽ പറഞ്ഞു.
ഇതിനിടയിലാണ് സർക്കാരിനെ താഴെയിറക്കാൻ ബി.ജെ.പി ശ്രമങ്ങൾ നടത്തുന്നത്. അസംതൃപ്‌തരായ കോൺഗ്രസ് എം.എൽ.എമാരെ കൂട്ടുപിടിച്ച് കൊണ്ട് സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ബി.ജെ.പി ശ്രമം. ഇതിനോടകം തന്നെ ചില കോൺഗ്രസ് നേതാക്കളുമായി തങ്ങൾ ഇത് സംബന്ധിച്ച ചർച്ച നടത്തിയതായും ബി.ജെ.പി വൃത്തങ്ങൾ അവകാശപ്പെടുന്നു.