car

ലക്ഷങ്ങൾ വിലയുള്ള കാറിന് ഒരു പോറൽ വീണാൽ സഹിക്കാത്തവരാണേറെയും, എന്നാൽ പതിനഞ്ച് ലക്ഷത്തിൻ മേലെ വിലയുള്ള ടൊയോട്ടോ കൊറോളയിൽ ചാണകം മെഴുകിയാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അടുത്തിടെ സമൂഹ മാദ്ധ്യമങ്ങളിൽ ഏറെ വൈറലായ ചിത്രമായിരുന്നു ചാണകം മെഴുകിയ ആഢംബര കാർ. ഗുജറാത്തിലെ നിരത്തിൽ പാർക്കുചെയ്ത നിലയിലായിരുന്നു ചാണകം മെഴുകിയ കാറിന്റെ ചിത്രം. എന്നാലിപ്പോൾ ഈ കാറിന്റെ ഉടമയുടെ വീഡിയോ ഇന്റർവ്യൂ പുറത്തു വന്നിരിക്കുന്നു.

ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഈ കാറുള്ളത്, ഇതിന്റെ ഉടമ സിജൽ ഷാ എന്ന യുവതിയാണ്. വെറും ചാണകം മാത്രമല്ല തന്റെ കാറിൽ പൂശുവാൻ സിജൽ ഉപയോഗിച്ചിരിക്കുന്നത്. ചാണകത്തിൽ ചുവന്ന മണ്ണും ചേർത്തുണ്ടാക്കിയ മിശ്രിതമാണ് ഉപയോഗിച്ചിരിക്കുന്നത്. കാറിൽ ചാണക മിശ്രിതം ഉപയോഗിച്ചതോടെ വാഹനം തണുപ്പിക്കാനാവുന്നുണ്ടെന്നും , വാഹനത്തിനുള്ളിലെ ചൂട് ഗണ്യമായി കുറയ്ക്കുവാനായെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു. പ്രകൃതി സംരക്ഷണത്തിന് തന്റേതായ ഒരു എളിയ സംഭാവനയായി ഇത് കാണക്കാക്കിയാൽ മതിയെന്ന ഭാവമാണ് യുവതിക്കുള്ളത്. കാറിൽ മാത്രമല്ല തന്റെ വീടിന്റെ ചുവരുകളിലും റൂമിനുള്ളിലും ചാണകം ഉപയോഗിക്കുന്നതിലൂടെ ചൂട് കുറയ്ക്കാനായിട്ടുണ്ടെന്നും സിജൽ അഭിപ്രായപ്പെടുന്നു.

ഗോവധം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഗോ സംരക്ഷകരുടെ പ്രസ്താവാനകൾ ഉത്തരേന്ത്യയിൽ അനുദിനം ഉയരുന്ന കാലഘട്ടമാണിത്. പശുവിന്റെ മൂത്രവും,ചാണകത്തിനും ഇതുവരെ നാമറിയാത്ത പല ഉപയോഗങ്ങളുമുണ്ടെന്ന് സ്ഥാപിച്ചെടുക്കുകയാണ് സമൂഹത്തിന്റെ വിവിധ ശ്രേണിയിലുള്ളവർ. എന്നാൽ ഇതുവരെ ആരും കാണാത്ത പുത്തൻ കണ്ടുപിടിത്തമാണ് സിജൽ പരീക്ഷിച്ചിരിക്കുന്നത്. ഇനി ചാണകം കാറിൽ പൂശിയാൽ വാഹനത്തിലെ ചൂട് കുറയുമോ എന്ന് സംശയമുണ്ടെങ്കിൽ ആർക്കും പരീക്ഷിച്ചു നോക്കാവുന്നതാണ്.