pj-joseph-mani

തിരുവനന്തപുരം: അന്തരിച്ച കോൺഗ്രസ് നേതാവ് കെ.എം മാണിയെ അനുസ്മരിക്കുന്ന വേളയിൽ നിയമസഭയിൽ സീനിയോറിറ്റി വാദം ഉയർത്തിപ്പിടിച്ച് വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് രംഗത്തെത്തി. മുതിർന്ന നേതാവാണ് ചെയർമാനാകേണ്ടതെന്നു മാണി പറഞ്ഞിട്ടുണ്ടെന്ന് ജോസഫ് ഓർമിപ്പിച്ചു. ലയന സമയത്ത് സീനിയോറിറ്റി പറഞ്ഞാണ് മാണി ചെയർമാനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതോടെ താൻ വർക്കിംഗ് ചെയർമാനായെന്നും അദ്ദേഹം പറഞ്ഞു. മാണി പറഞ്ഞിട്ടാണ് താൻ എൽ.ഡി.എഫ് വിട്ടതെന്നും ജോസഫ് വ്യക്തമാക്കി. ‘മാണിസാർ സ്‌നേഹപൂർവം വിളിച്ചുപറഞ്ഞു. ഔസേപ്പച്ചാ, ഞാനല്ലേ സീനിയർ. അതുകൊണ്ട് എന്നെ ചെയർമാനായി അംഗീകരിക്കുക. ഔസേപ്പച്ചൻ വർക്കിംഗ് ചെയർമാനായിട്ടിരിക്കുക.’- ജോസഫ് പറഞ്ഞു.

അതേസമയം,​ സ്പീക്കർക്ക് നൽകിയ കത്തുകളെ ചൊല്ലി പാർട്ടിയിൽ തർക്കം നിലനിൽക്കുകയാണ്. പി.ജെ.ജോസഫിനെ നിയസഭയിൽ മുൻനിരയിൽ ഇരുത്തണമെന്ന് ആവശ്യപ്പെട്ട് മോൻസ് ജോസഫ് എം.എൽ.എ നൽകിയ കത്താണ് ജോസ് കെ.മാണി വിഭാഗത്തെ ചൊടിപ്പിച്ചത്. മോൻസിന്റെ കത്ത് ആശയക്കുഴപ്പത്തിനിടയാക്കിയെന്നും പാർട്ടിയോട് കൂടിയാലോചിക്കാതെയാണ് മോൻസ് ജോസഫ് കത്ത് നൽകിയതെന്നും ജോസ് കെ.മാണി പറഞ്ഞു.

പി.ജെ. ജോസഫിന്റെ ഇരിപ്പിടത്തെ ചൊല്ലി പാർട്ടിയിൽ തർക്കമില്ലെന്നും കക്ഷി നേതാവിനെ ചട്ടപ്രകാരം തിരഞ്ഞെടുക്കണമെന്നാണ് ആവശ്യമെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി. നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ സമയം വേണമെന്ന് കാണിച്ച് നേരത്തെ റോഷി അഗസ്റ്റിൻ എം.എൻ.എ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. ജൂൺ ഒമ്പതിന് മുൻപ് കക്ഷിനേതാവിനെ തിരഞ്ഞെടുക്കണമെന്നാണ് സ്പീക്കറുടെ നിർദേശം.