love-marriage

ആലപ്പുഴ : വിവാഹം ഉറപ്പിച്ചിരുന്ന പെൺകുട്ടി കാമുകനൊപ്പം പോയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ പൊലീസ് സ്റ്റേഷനിൽ കൂട്ടയടി. തൃക്കുന്നപ്പുഴയിലാണ് വീട്ടുകാർ വിവാഹം ഉറപ്പിച്ചതിനെ തുടർന്ന് യുവതി കാമുകനൊപ്പം പോയത്. എന്നാൽ നിയമ പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി ഹാജരാക്കേണ്ട രേഖകൾ പെൺകുട്ടിയുടെ കൈവശമില്ലായിരുന്നു. ഈ രേഖകൾ വീട്ടിൽ നിന്നും വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടാണ് യുവതി പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. ഇതിനെ തുടർന്ന് പൊലീസ് പെൺകുട്ടിയുടെ വീട്ടുകാരെ വിളിച്ചു വരുത്തുകയായിരുന്നു.

പെൺകുട്ടി ആവശ്യപ്പെട്ട രേഖകളൊന്നും വീട്ടിലില്ല എന്ന മറുപടിയാണ് ഇവർ നൽകിയത്. പൊലീസ് നടത്തിയ മദ്ധ്യസ്ഥ ചർച്ച ഫലം കാണാത്തതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരെ സ്റ്റേഷനിൽ നിന്നും പറഞ്ഞുവിടുകയായിരുന്നു. എന്നാൽ സ്റ്റേഷൻ പരിസരത്ത് കാത്തുനിന്ന ഇവർ സ്റ്റേഷനിൽ നിന്നും യുവതിയും കാമുകന്റെ ബന്ധുക്കളും ഇറങ്ങിയതോടെ അവരെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. ഇരുകൂട്ടരേയും പിടിച്ചുമാറ്റാൻ ശ്രമിച്ച പൊലീസിനും മർദ്ദനമേറ്റു. കൈയ്ക്കു പരിക്കേറ്റ സിവിൽ പൊലീസ് ഓഫിസർ സജാഹുദ്ദീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിനേയും പെൺകുട്ടിയേയും ആക്രമിച്ചതിന് പെൺകുട്ടിയുടെ വീട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ഇതിൽ യുവതിയുടെ പ്രായപൂർത്തിയാകാത്ത സഹോദരനെ വിട്ടയച്ചു.