ന്യൂഡൽഹി : ലോക്സഭ തിരഞ്ഞെടുപ്പിലെ ആരോപണങ്ങളിൽ പ്രതിപക്ഷത്തെ രാഷ്ട്രീയ കക്ഷികൾ ഒന്നായി വിരൽ ചൂണ്ടിയത് ഇ.വി.എമ്മിനെതിരെയായിരുന്നു. ഹാക്കിംഗ് ഉൾപ്പടെയുള്ള കൃത്രിമ മാർഗങ്ങളിലൂടെ ജനവിധി അട്ടിമറിക്കാൻ ഇ.വി.എമ്മിനാവുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ഭയം. ഇതിനെ തുടർന്ന് വോട്ടിംഗ് രീതി പഴയ കാലത്തെ ബാലറ്റ് രീതിയിലേക്ക് മടങ്ങണമെന്നാണ് പ്രതിപക്ഷം ആദ്യം ഉന്നയിച്ചത്. കഴിഞ്ഞ യു.പി തിരഞ്ഞെടുപ്പിൽ സീറ്റുകൾ ബി.ജെ.പി തൂത്തുവാരിയതോടെയാണ് ബി.എസ്.പി അടക്കമുള്ള കക്ഷികൾ ഈ ആവശ്യവുമായി രംഗത്ത് വന്നത്. ഇ.വി.എമ്മിനെതിരെ പരാതി വ്യാപകമായതോടെ പരിഹാരമെന്നവണ്ണം വി.വി.പാറ്റുകൾ രാജ്യവ്യാപകമായി തിരഞ്ഞെടുപ്പിന് ഉപയോഗിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുകയായിരുന്നു. ഇ.വി.എമ്മുകളുടെ കൃത്യത ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് വി.വി.പാറ്റുകൾ ഉപയോഗിക്കാൻ തീരുമാനിച്ചിരുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായി ഇ.വി.എമ്മിനൊപ്പം മുഴുവൻ ബൂത്തുകളിലേയും വി.വി.പാറ്റുകളും എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ഈ ആവശ്യം അംഗീകരിച്ചാൽ തിരഞ്ഞെടുപ്പ് ഫലം നിർണയിക്കുന്ന ജോലി ക്‌ളേശകരമാവുമെന്നും ആറു ദിവസമെങ്കിലും അതിനായി ചെലവാക്കേണ്ടി വരുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് ഓരോ നിയോജക മണ്ഡലത്തിലേയും അഞ്ച് ബൂത്തുകളിലെ വി.വി.പാറ്റ് രസീതുകൾ എണ്ണണമെന്നും ഈ ബൂത്തുകൾ നറുക്കിട്ട് തീരുമാനിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
തിരഞ്ഞെടുപ്പ് ഫലം വന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് വി.വി.പാറ്റ് ഫലം പുറത്തുവന്നത്. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട കണക്കുകളിൽ നിന്നും വ്യക്തമാവുന്നത് 20,625 വിവി പാറ്റുകളിലെ സ്ലിപ്പുകൾ രാജ്യവ്യാപകമായി എണ്ണിയെന്നാണ്. ഇതിൽ ഒരിടത്തുപോലും ഇ.വി.എമ്മുമായി വിവി പാറ്റുകളിലെ സ്ലിപ്പുകളുടെയും എണ്ണത്തിൽ വ്യത്യാസമുണ്ടായില്ല. രാജ്യവ്യാപകമായി 17.3 ലക്ഷം വിവി പാറ്റുകളാണ് ഇക്കുറി ഉപയോഗിച്ചത്. വി.വി.പാറ്റ് വോട്ടുകളെണ്ണി കൃത്യത ഉറപ്പാക്കിയതിലൂടെ പത്തരമാറ്റ് സംശുദ്ധിയോടെ അഗ്നിശുദ്ധി വരുത്തിയിരിക്കുകയാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ, ഒപ്പം തിരഞ്ഞെടുപ്പ് കമ്മീഷനും.