റാഞ്ചി: മേയ് 23ന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ഒരു സീറ്റ് പോലും നേടാൻ സാധിക്കാതെ ആർ.ജെ.ഡി തകർന്നടിയുന്ന കാഴ്ചയായിരുന്നു കാണാൻ കഴിഞ്ഞത്. ഇതിൽ മനംനൊന്ത് ഉച്ചഭക്ഷണം പോലും ഉപേക്ഷിച്ചിരിക്കുകയാണ് ബീഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലുപ്രസാദ് യാദവ്. ലോക്സഭ തിരഞ്ഞെടുപ്പിൽ ആർ.ജെ.ഡിക്ക് ഒരു സീറ്റ് പോലും ലഭിക്കാത്തത് ഇതാദ്യമായാണ്.
2014ൽ പോലും ആർ.ജെ.ഡി ബീഹാറിൽ നാല് സീറ്റ് നേടിയിരുന്നു. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം ലാലു പ്രസാദ് യാദവ് ആകെ തകർന്ന് പോയെന്ന് ജയിൽ അധികൃതർ പറയുന്നു. ഫലപ്രഖ്യാപനത്തിന് ശേഷം പ്രഭാത ഭക്ഷണവും അത്താഴവും കഴിക്കുന്നുണ്ടെങ്കിലും ഉച്ചഭക്ഷണം ഉപേക്ഷിച്ചിരിക്കുകയാണ് അദ്ദേഹം. കൂടാതെ കൂടുതൽ സമയവും മൗനമാണ്. മൂന്ന് നേരം ഇൻസുലിൻ കുത്തിവയ്ക്കേണ്ട ആളാണ് ലാലുപ്രസാദ് യാദവ്. എന്നാൽ ഭക്ഷണക്രമം തെറ്റിയപ്പോൾ ഡോസ് ക്രമീകരിക്കാൻ പറ്റാത്ത സ്ഥിതിയിലാണിപ്പോൾ.