modi-kummanam

തിരുവനന്തപുരം: മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ താൻ പങ്കെടുക്കില്ലെന്ന് കുമ്മനം രാജശേഖരൻ. അതിഗംഭീരമായ വിജയമാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ നേടിയതെങ്കിലും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായി ഡൽഹിയിലേക്ക് പോകില്ലെന്ന് കുമ്മനം വ്യക്തമാക്കി. പോയാൽ ആളുകൾ പറയും മന്ത്രിയാകാനാണെന്ന്. അതിനാൽ പോകുന്നില്ല. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ജനസേവനം തുടരും. രാഷ്ട്രീയം അതിനൊരു മാദ്ധ്യമം മാത്രമാണെന്ന് കുമ്മനം വ്യക്തമാക്കി.

അതേസമയം, വിജയം പ്രതീക്ഷിച്ച തിരുവനന്തപുരത്ത് ഏറ്റ കനത്ത പരാജയത്തെ കുറിച്ച് പാർട്ടി പരിശോധന നടക്കുകയാണ്. ബൂത്തുകൾ സന്ദർശിച്ച് കഴിഞ്ഞ നാലുതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയ്‌ക്ക് ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. എക്‌സിറ്റ് പോളുകളും അഭിപ്രായ സർവേകളും തിരുവനന്തപുരത്ത് കുമ്മനത്തിന് വിജയം പ്രവചിച്ചിരുന്നെങ്കിലും യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ ഹാട്രിക് വിജയം നേടുകയായിരുന്നു.

എവിടെയാണ് പിഴച്ചതെന്ന് മനസിലാക്കാനുള്ള ശ്രമമാണ് ഇപ്പോൾ ബി.ജെ.പിയിൽ നടക്കുന്നത്. ന്യൂനപക്ഷ ഏകീകരണം, ക്രോസ് വോട്ടിംഗ് എന്നിവ നടന്നിട്ടുണ്ടെന്ന് നേരത്തെ തന്നെ കുമ്മനം വ്യക്തമാക്കിയിരുന്നു. എൻ.എസ്.എസിന്റെയും, എസ്.എൻ.ഡി.പിയുടെയും നിലപാടുകൾ എത്തരത്തിലാണ് ബാധിച്ചതെന്ന് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിശോധനയിലൂടെ മാത്രമെ അറിയാൻ കഴിയുകയുള്ളുവെന്നും കുമ്മനം വ്യക്തമാക്കുന്നു.