1. കൊച്ചിയിലെ പഴയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയില്‍ തീപിടിത്തം. വസ്ത്രങ്ങളുടെ ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ ആണ് തീ പിടത്തം ഉണ്ടായത്. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഫയര്‍ഫോഴ്സും പൊലീസും സംയുക്തമായി തീ അണയ്ക്കാന്‍ ശ്രമം തുടരുക ആണ്. ആളുകളെ പ്രദേശത്തു നിന്ന് ഒഴിപ്പിക്കുക ആണ്.
2. ബ്രോഡ് വേയിലെ ചെറിയ വഴിയിലൂടെ കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിക്കുക പ്രയാസമാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആവശ്യമെങ്കില്‍ എയര്‍പോര്‍ട്ട്, ഷിപ്പ് യാര്‍ഡ് എന്നിവിടങ്ങളില്‍ നിന്നു ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിക്കാനാണ് ധാരണ. മൂന്ന് നിലകളുള്ള ഭദ്ര ടെക്സ്റ്റല്‍സ് എന്ന കെട്ടിടം പൂര്‍ണ്ണമായും കത്തി നശിച്ചു. കെട്ടിടത്തിന് അകത്തേക്ക് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പ്രവേശിച്ചു. കെട്ടിടത്തിനകത്തെ തീയണക്കാനാണ് ഇവരുടെ ശ്രമം. തീപിടത്തം നിയന്ത്രിക്കാന്‍ ആയില്ല എങ്കില്‍ അത് വലിയ നാശനഷ്ടങ്ങളിലേക്ക് പോവും എന്ന് അധികൃതര്‍
3. സംസ്ഥാന നിയമ സഭയുടെ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കമായി. അദ്യദിനം അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയെ അനുസ്മരിക്കുക ആണ് സഭ. പകരം വയ്ക്കാന്‍ ആകാത്ത നേതാവിനെ ആണ് നഷ്ടമായതെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം നികത്താന്‍ ആകാത്ത നഷ്ടമാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് ആയി പ്രവര്‍ത്തിച്ച നേതാവ് ആയിരുന്നു കെ.എം. മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു.
4. സഭയിലെ ഓരോ നിമിഷത്തിലും തനിക്ക് പുതിയ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് വിശ്വസിച്ചിരുന്ന മാണിയുടെ രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് പുതിയ തലമുറയിലെ സാമാജികര്‍ക്ക് പലതും പഠിക്കാനുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കാര്യങ്ങള്‍ ഇത്രമേല്‍ ഗൃഹപാഠം ചെയ്ത് സഭയിലവതരിപ്പിച്ച മറ്റൊരു നേതാവില്ലെന്ന് മാണിയെ അനുസ്മരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. കേരള രാഷ്ട്രീയത്തെ തന്റെ വഴിയിലേക്ക് നയിച്ച നേതാവായിരുന്നു മാണിയെന്നും ഇനി ഇങ്ങനെ ഒരു നേതാവ് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു
5. കെ.എം. മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസില്‍ ഉണ്ടായ പടലപിണക്കങ്ങള്‍ പൊട്ടിത്തേറിയിലേക്ക്. മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന് അനുവദിച്ച മുന്‍നിരയിലെ സീറ്റ് നിയമസഭാ കക്ഷി ഉപനേതാവായ പി.ജെ.ജോസഫിന് നല്‍കണം എന്ന് കാണിച്ച് മോന്‍സ് ജോസഫ് എം.എല്‍.എ നല്‍കിയ കത്തിനെതിരെ ജോസ് കെ.മാണി വിഭാഗം. കേരള കോണ്‍ഗ്രസ് എമ്മിന്റെ പുതിയ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കേണ്ടത് പാര്‍ട്ടി ചെയര്‍മാന്റെ അധ്യക്ഷതയില്‍ ആവണമെന്നും അതിനാല്‍ പുതിയ പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കാനും അതിന് ശേഷം നിയമസഭാ കക്ഷിനേതാവിനെ കണ്ടെത്താനും സാവകാശം അനുവദിക്കണം എന്നു കാണിച്ച് റോഷി അഗസ്റ്റിനും സ്പീക്കര്‍ക്ക് കത്ത് നല്‍കി.
6. മാണിയുടെ അസാന്നിധ്യത്തില്‍ നിയമസഭാ കക്ഷി ഉപനേതാവായ ജോസഫ് തന്നെയാവും പാര്‍ട്ടിയെ നിയമ സഭയില്‍ നയിക്കേണ്ടത് എന്നും പിന്നെ എന്തിനാണ് മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത് എന്ന് അറിയില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ആലോചിക്കാതെ ആണ് മോന്‍സ് ജോസഫ് ഇങ്ങനെ ചെയ്തത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ പാര്‍ലമെന്ററി ലീഡറെ തിരഞ്ഞെടുക്കേണ്ടത് പാര്‍ട്ടി ചെയര്‍മാന്റെ സാന്നിധ്യത്തില്‍ ആവണം എന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ ഭരണ ഘടനയില്‍ പറയുന്നത് എന്നും റോഷി അഗസ്റ്റിന്‍
7. കൗമുദി ടി.വിയുടെ ആറാം വാര്‍ഷികത്തോട് അനുബന്ധിച്ച് കേരള കൗമുദിയും സുപ്രിയയും ചേര്‍ന്ന് നടത്തിയ മേയ് ഫ്ളവര്‍ പ്രേക്ഷക പ്രീതികൊണ്ട് ഏറെ ശ്രദ്ധേയമായി. കനകക്കുന്ന് നിശാഗന്ധിയില്‍ സംഘടിപ്പിച്ച മേയ് ഫ്ളവര്‍ മെഗാ ഷോ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മാദ്ധ്യമങ്ങളില്‍ കാണുന്നതും കേള്‍ക്കുന്നതും മാത്രം വിശ്വസിച്ചു ജീവിക്കുന്ന ജനങ്ങള്‍ കൂടുതല്‍ മാദ്ധ്യമ അവബോധം ആര്‍ജ്ജിക്കണമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു
8. എണ്ണത്തില്‍ ആധിക്യം ഉള്ളകൊണ്ടു തന്നെ മാദ്ധ്യമങ്ങള്‍ തമ്മിലുള്ള മത്സരവും വര്‍ദ്ധിച്ച കാലമാണിത്. മാദ്ധ്യമങ്ങളുടെ സാന്ദ്രത ഒരുപക്ഷേ, ലോകത്തില്‍ ഏറ്റവും കൂടുതലുള്ള ഒരു സമൂഹം കേരളമായിരിക്കും. ഓരോ നിമിഷവും ലഭിക്കേണ്ട പുതിയ വാര്‍ത്തകള്‍ക്കു വേണ്ടിയുള്ള പരക്കം പാച്ചിലില്‍ പലപ്പോഴും വിശ്വാസ്യതയും സൂക്ഷ്മതയും കൈവിട്ടു പോകുന്ന അവസ്ഥ ഉണ്ടാകുന്നുണ്ട്. അന്നന്നത്തെ അന്നത്തിനു വേണ്ടിയുള്ള ബ്രേക്കിംഗ് ന്യൂസുകള്‍ കെട്ടിപ്പടുക്കേണ്ട ഗതികേടില്‍ പെട്ടു പോയിരിക്കുക ആണ് ദൃശ്യ മാദ്ധ്യമങ്ങളെന്നും അദ്ദേഹം പറഞ്ഞു
9. കൗമുദി യു ട്യൂബ് ചാനലിന്റെ വരിക്കാര്‍ 10 ലക്ഷം കടന്നതിന്റെ ആഘോഷവും മേയ് ഫ്ളവര്‍ രാവില്‍ നടന്നു. യു ട്യൂബിന്റെ ഉപഹാരം ഗൂഗിള്‍ യൂ ട്യൂബ് പാര്‍ട്ണര്‍ മാനേജര്‍ ഭരത് ഗംഗാധരനും സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണനും ചേര്‍ന്ന് കേരളകൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ദര്‍ശന്‍ രവിയ്ക്ക് കൈമാറി. മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വി.എസ്. ശിവകുമാര്‍ എം.എല്‍.എ എന്നിവര്‍ സംസാരിച്ചു. മുഖ്യ സ്‌പോണ്‍സര്‍ സുപ്രിയ സുരേന്ദ്രന്‍, സഹ സ്‌പോണ്‍സര്‍മാരായ ജ്യോതിസ് എജ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ ജ്യോതിസ് ചന്ദ്രന്‍, എസ്.കെ. ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. സന്ധ്യ, ശ്രീധന്യ ഹോംസ് ജനറല്‍ മാനേജര്‍ ജോജി ജോര്‍ജ്, നിംസ് മെഡിസിറ്റി ജനറല്‍ മാനേജര്‍ ഡോ. സജു, കസവ് മാളിക മാനേജിംഗ് ഡയറക്ടര്‍ ബി. സുരേന്ദ്ര ദാസ് എന്നിവര്‍ക്ക് സ്പീക്കര്‍ ഉപഹാരം നല്‍കി.
10. നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സ്വന്തം മണ്ഡലമായ വരാണസി സന്ദര്‍ശിക്കും. കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷത്തില്‍ തന്നെ വിജയിപ്പിച്ച മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നതിന് ആയാണ് മോദി ഇന്ന് വരാണസിയില്‍ എത്തുന്നത്. ഇന്നലെ ഗുജറാത്തില്‍ അമ്മയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങിയ ശേഷമാണ് മോദി വരാണസിയില്‍ എത്തുന്നത്.