narendra-modi

വാരണാസി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വിജയം പാർട്ടി പ്രവർത്തകർക്ക് സമർപ്പിക്കുകയാണെന്നും,​ പ്രവർത്തകരുടെ വിശ്വാസത്തിന് തെളിവാണ് വിജയമെന്നും അദ്ദഹം കൂട്ടിച്ചേർത്തു.

"മോദിയുടെ വിജയമല്ല, മറിച്ച് പാർട്ടി പ്രവർത്തകരാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്"-മോദി പറഞ്ഞു. നരേന്ദ്രമോദിക്ക് വാരാണസിയൽ പ്രവർത്തകർ ഉജ്ജ്വല വരവേൽപ്പാണ് നൽകിയത്. രാവിലെ പത്ത് മണിക്ക് വാരാണസി വിമാനത്താവളത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലായിരുന്നു മോദിക്ക് വരവേൽപ്പ്. തുടർന്ന് ദർശനത്തിനായി റോഡ് മാർഗം കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി പൂജകൾ പൂർത്തിയാക്കിയ ശേഷമാണ് മോദി നഗരത്തിന് പുറത്തുള്ള ട്രേഡ് ഫെസിലിറ്റി സെന്ററിൽ എത്തിയത്.

വാരാണസിയിൽ മോദിക്ക് ലഭിച്ച സ്വീകരണം അദ്ദേഹത്തിൽ ജനങ്ങൾക്കുള്ള വിശ്വാസമാണ് തെളിയിക്കുന്നതെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പറഞ്ഞു. വാരാണസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം മോദി രാജ്യത്തുടനീളം പ്രചാരണത്തിലായിരുന്നു. വാരണാസിയിലെ വോട്ടർമാർ കൈവിടില്ലെന്ന വിശ്വാസത്തോടെയാണ് മോദി രാജ്യത്തുടനീളം പ്രചാരണത്തിനിറങ്ങിയത്. അദ്ദേഹത്തിന്റെ വിശ്വാസം വാരാണസിയിലെ ജനം കാത്ത് സൂക്ഷിച്ചെന്നും അമിത് ഷാ പറഞ്ഞു.