കോഴിക്കോട്: വസ്‌തു തർക്കത്തെ തുടർന്ന് സി.പി.എം പ്രവർത്തകനെ വെട്ടിയ കേസിൽ എസ്.എഫ്.ഐ ഏരിയാ കമ്മിറ്റി അംഗത്തെ പൊലീസ് അറസ്‌റ്റ് ചെയ്തു. കീഴൽ കുട്ടോത്ത് മീത്തലെ തയ്യുള്ളതിൽ അക്ഷയരാജിനെ (22)യാണ് വടകര എസ്.ഐ കെ.പി.ഷൈൻ കുട്ടോത്ത് അറസ്‌റ്റ് ചെയ്തത്. വടകര ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
സി.പി.എം.പ്രവർത്തകനായ കീഴൽ കുട്ടോത്ത് വലിയ പറമ്പത്ത് ഷാജുവിനെയാണ് (43)ഇക്കഴിഞ്ഞ 21 രാത്രി മൂന്ന് അംഗ സംഘം വെട്ടി പരിക്കേൽപ്പിച്ചത്. പാർട്ടിയുടെ ഏരിയാ കമ്മിറ്റി അംഗം നൽകിയ കൊട്ട്വേഷന്റെ അടിസ്ഥാനത്തിലാണ് അക്രമമെന്ന് ഷാജു നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് മറ്റു രണ്ട് പ്രതികളെ കൂടി പിടികിട്ടാനുണ്ട്. ഇവർക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ഗുരുതരമായി പരുക്കേറ്റ ഷാജു ഇപ്പോഴും ചികിത്സയിലാണ്. നേരത്തെ ഷാജുവിന്റെ സ്ഥലം കൈയേറിയതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ഈ തർക്കം പരിഹരിക്കുകയും,വകുപ്പ് തല ഇടപെടലിനെ തുടർന്ന് ഷാജുവിന്റെ സ്ഥലം പൂർവ്വ സ്ഥിതിയിലാക്കുകയും ചെയ്‌തെങ്കിലും ഇതിന്റെ പേരിൽ ഇടയ്ക്കിടെ പാർട്ടി നേതാവ് ഭീഷണി പെടുത്തിയതായി ഷാജു പറഞ്ഞിരുന്നു. ഇതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു അക്രമം.