alphons-kannanthanam

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാതാ വികസനത്തിന് മുൻഗണന നൽകാനുള്ള തീരുമാനം നടപ്പാക്കിയില്ല. ഇപ്പോഴും കേരളം പരിഗണന കുറഞ്ഞ ഹൈ ടു പട്ടികയിലാണുള്ളത്. ഇതേ തുടർന്ന് അൽഫോൺസ് കണ്ണന്താനം ഇടപെട്ട് മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി എന്നായിരുന്നു വാദം. കേന്ദ്രസർക്കാരുമായി ആലോചിച്ച ശേഷം പരിഗണന കൂടിയ ഹൈ വൺ വിഭാഗത്തിൽ ദേശീയപാത വികസനം ഉൾപ്പെടുത്താൻ നടപടി എടുത്തെന്നും അവകാശവാദമുണ്ടായിരുന്നു.

എന്നാൽ, സംസ്ഥാനത്തിന് മുൻഗണന നൽകാനുള്ള തീരുമാനം നടപ്പായില്ലെന്നാണ് പുറത്ത് വരുന്ന ഉത്തരവിൽ വ്യക്തമാകുന്നത്. നഷ്ടപരിഹാരം വിതരണം ചെയ്യേണ്ടെന്നാണ് ഈ മാസം 15 ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

ദേശീയപാത വികസനത്തിൽ കേരളത്തെ ഒന്നാമതായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട്‌ നിതിൻ ഗഡ്കരിക്ക് അൽഫോൺസ് കണ്ണന്താനം കത്തയച്ചിരുന്നു. കാസർകോട് മുതൽ പാറശ്ശാല വരെയുള്ള ദേശീയപാതയുടെ വികസനം മുൻഗണനാ പട്ടികയിൽ ഒന്നാമതായി പരിഗണിക്കണമെന്നാണ് കണ്ണന്താനം കത്തിൽ ആവശ്യപ്പെട്ടത്.

ഇതുസംബന്ധിച്ച് ദേശീയപാതാ വികസന പദ്ധതിയുടെ മുൻഗണനാ പട്ടികയിൽ നിന്നും കേരളത്തെ ഒഴിവാക്കി കൊണ്ടുള്ള മുൻഗണന വിജ്ഞാപനം നിതിൻ ഗഡ്കരി റദ്ദാക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ദേശീയപാത വികസനത്തിൽ കേരളത്തോട് യാതൊരു വിവേചനവും കേന്ദ്രസർക്കാർ കാണിക്കില്ല. ദേശീയപാത വികസനത്തിൽ കേരളം നേരിടുന്ന പ്രധാന വിഷയം ഭൂമിയേറ്റെടുക്കലാണ്. ഇക്കാര്യത്തിൽ ഔദ്യോഗികമായി ഉടൻ വ്യക്തത വരുത്തുമെന്നും നിതിൻ ഗഡ്കരി അറിയിച്ചിരുന്നു.