cpm

തിരുവനന്തപുരം: ശബരിമല വിഷയത്തിലടക്കം ഇടത് അനുഭാവികളായ സൈബർ പോരാളികൾ നടത്തിയ അനാവശ്യ ഇടപെടലുകൾ പാർട്ടിയെ ദോഷകരമായി ബാധിക്കുന്നതായി സി.പി.എമ്മിന്റെ വിലയിരുത്തൽ. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചില ഇടത് അനുഭാവികൾ സോഷ്യൽ മീഡിയയിൽ നടത്തിയ ഇടപെടലുകൾ വലിയൊരു വിഭാഗത്തെ പാർട്ടിയിൽ നിന്നും അകറ്റി. ഇത് തിരഞ്ഞെടുപ്പിൽ ഒരു പരിധി വരെ സ്വാധീനിച്ചുവെന്ന് വേണം പറയാൻ. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ സോഷ്യൽ മീഡിയയിൽ ശൈലി മാറ്റത്തിന് സി.പി.എം ഒരുങ്ങുന്നതായും റിപ്പോർട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ ബി.ജെ.പി തങ്ങളുടെ സ്വാധീനം വർദ്ധിപ്പിച്ചതോടെയാണ് ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ തുടങ്ങാനും സൈബറിടത്തിലെ ഇടപെടലുകൾ വർദ്ധിപ്പിക്കാനും സി.പി.എം തീരുമാനിക്കുന്നത്. സംസ്ഥാന, ജില്ലാ തലത്തിലുള്ള ഔദ്യോഗിക അക്കൗണ്ടുകൾക്ക് പുറമെ പാർട്ടിയിലെ അടിസ്ഥാന ഘടകങ്ങൾക്ക് വരെ ഫേസ്ബുക്ക് പേജുകൾ നിലവിൽ വന്നു. കൂടാതെ, സി.പി.എം അനുഭാവികളായ ചിലരും അക്കൗണ്ടുകൾ തുടങ്ങി. ഇതിൽ പോരാളി ഷാജി പോലുള്ള ചില പേജുകൾക്ക് വൻ സ്വീകാര്യത ലഭിച്ചതോടെ സൈബർ പോരാളികളുടെ എണ്ണവും വർദ്ധിച്ചു.

എന്നാൽ ഇവയ്‌ക്ക് പാർട്ടിയുടെ നിയന്ത്രണമില്ലാത്തതിനാൽ പോസ്‌റ്റുകളിലെ ഉള്ളക്കടത്തിൽ പലതും കയറി വന്നു. പല വ്യാജന്മാരും പാർട്ടിയുടെ ചിഹ്നവും കൊടിയും ഉപയോഗിച്ച് പ്രചാരണങ്ങൾ നടത്തി. പലതും സഭ്യതയുടെയും മാന്യതയുടെയും അതിർത്തികൾ ലംഘിക്കുന്നതായിരുന്നു. ശബരിമല യുവതീ പ്രവേശനത്തിന് പിന്നാലെ സൈബർ സഖാക്കളെന്ന് അവകാശപ്പെട്ട് ചിലർ നടത്തിയ പ്രചാരണങ്ങൾ നിലവാരം ഇല്ലാത്തതായിരുന്നു. പാർട്ടിയുടെ നിലപാടെന്ന പേരിൽ പ്രചരിച്ച ഇത്തരം പോസ്‌റ്റുകൾ പരമ്പരാഗതമായി സി.പി.എമ്മിന് ലഭിച്ചുകൊണ്ടിരുന്ന വിശ്വാസികളുടെ വോട്ട് ചോർത്തി. യുവതീ പ്രവേശനം അടക്കമുള്ളവ പാർട്ടിയുടെ പ്രഖ്യാപിത അജൻഡയുടെ ഭാഗമാണെന്ന് വരെ ആവേശക്കമ്മിറ്റിക്കാർ പ്രചരിപ്പിച്ചതോടെ പാർട്ടിയിലെ വിശ്വാസികളും സ്ത്രീകളും മാറിച്ചിന്തിച്ചു. ഇത് തിരിച്ചടിയായി.

ഇതിന് പുറമെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ തലങ്ങളിൽ പുതിയ ഗ്രൂപ്പുകളും പേജുകളും രൂപംകൊണ്ടു. പ്രചാരണം അവസാന ഘട്ടത്തിലേക്ക് എത്തിയതോടെ എതിർ സ്ഥാനാർത്ഥിയെ വ്യക്തിഹത്യ ചെയ്യുന്നതിലേക്ക് ഇത്തരക്കാർ നീങ്ങി. എതിർസ്ഥാനാർത്ഥിയെ അവഹേളിക്കരുതെന്നും സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ മുൻനിറുത്തി പ്രചാരണം നടത്തണമെന്നും പാർട്ടി കർശന നിർദ്ദേശം നൽകിയെങ്കിലും പല സൈബർ പോരാളികളും ഇത് അറിഞ്ഞത് പോലുമില്ല. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെതിരെ നടത്തിയ വ്യക്തിഹത്യ ഇതിന് ഉദാഹരണമായിരുന്നു. രമ്യാ ഹരിദാസ് മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ കണ്ടുവെന്ന എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവന്റെ പരാമർശം പരമാവധി ന്യായീകരിക്കാൻ സൈബർ സഖാക്കൾ ശ്രമിച്ചത് സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധത്തിന് കാരണമായിരുന്നു.