cot-naseer

കണ്ണൂർ: സി.പി.എം മുൻ പ്രാദേശിക നേതാവും ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായിരുന്ന സി.ഒ.ടി നസീറിന് നേരെ നടന്ന വധശ്രമത്തിൽ അന്വേഷണം വഴിത്തിരിവിൽ. തന്നെ വകവരുത്താനുള്ള അക്രമത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയത് ജനപ്രതിനിധിയായ ഒരു സി.പി.എം യുവനേതാവാണെന്ന് നസീർ കേസ് അന്വേഷിക്കുന്ന സി.ഐ വി.കെ. വിശ്വംഭരന് മൊഴി നൽകിയെന്നാണ് അറിയുന്നത്. അക്രമത്തിന് പിന്നിൽ ഒരു നേതാവിന് പങ്കുണ്ടെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു.


ആറംഗ സംഘമാണ് നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഒന്നിലധികം തവണ യുവനേതാവ് നസീറിന് നേരെ ഭീഷണി ഉയർത്തിയിരുന്നു. കാൽ അടിച്ച് മുറിക്കുമെന്നായിരുന്നു ആദ്യ ഭീഷണി. അക്രമം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം ഒരു ഇഫ്താർ വിരുന്നിനിടിയിലും ഭീഷണി ഉയർത്തി സംസാരിച്ചിരുന്നുവെന്നും പറയുന്നു. അക്രമം നടക്കുന്നതിന് ഏതാനും ദിവസം മുമ്പ് അക്രമികളെ യുവ നേതാവിന്റെ കൂടെ കണ്ടിരുന്നെന്നും നസീറിന്റെ മൊഴിയിൽ പറയുന്നു.

വികസന പദ്ധതികളുമായി ബന്ധപ്പെട്ട് നസീർ കോടിക്കണക്കിന് രൂപയുടെ അഴിമതി ഉന്നയിച്ചിരുന്നു. ഒരു ക്ലബ്ബിന്റെ പേരിൽ അടിച്ചിറക്കിയ ലഘുലേഖയും വിതരണം ചെയ്തിരുന്നു. പദ്ധതിയുടെ ഭാഗമായി മരം മുറിക്കുന്നത് നസീറിന്റെ നേതൃത്വത്തിൽ തടഞ്ഞതും ശത്രുത കൂടാൻ ഇയാക്കിയെന്ന് നസീർ അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് അറിയുന്നത്.

എന്നാൽ ഇത്തരത്തിലൊരു മൊഴി പൊലീസിന് നൽകിയിട്ടെല്ലെന്ന് കേസ് അന്വേഷിക്കുന്ന സി.ഐ വിശ്വംഭരൻ കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു. കേസ് അന്വേഷിക്കുന്ന സംഘത്തിമേൽ ശക്തമായ സമ്മർദ്ദമുണ്ടെന്നാണ് നസീറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്. അതുകൊണ്ടാണ് തുടക്കം മുലേ പൊലീസ് മലക്കംമറിയുന്നതെന്ന് ഇവർ പറയുന്നു. അക്രമി സംഘത്തിൽ ഉണ്ടായിരുന്ന രണ്ട് പേർ ഇതിനകം പിടിയിലായിട്ടുണ്ട്. ബാക്കി നാല് പേർ ഇപ്പോഴും പുറത്താണ്. മുഴുവൻ പ്രതികളേയും പിടികൂടി ചോദ്യം ചെയ്താൽ മാമ്രേ ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങളും പുറത്തുവരൂ. സി.പി.എം നേതൃത്വം അക്രമത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. മാത്രമല്ല സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജനും വടകര മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്ന പി. ജയരാജനും നസീറിനെ കോഴിക്കോട്ടെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. പരിശീലനം ലഭിച്ച ആളുകളാണ് കൃത്യം നിർവ്വഹിച്ചതെന്ന് വ്യക്തമാണ്. തിരക്കേറിയ സ്ഥലത്ത് വച്ച് മിനുട്ടുകൾകൊണ്ട് അക്രമം നടത്തി രക്ഷപ്പെടാനുള്ള തന്ത്രം ഇത്തരക്കാർക്ക് മാമ്രേ ഉള്ളുവെന്നാണ് പറയുന്നത്.