ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ റോബർട്ട് വദ്രക്കും സഹായി മനോജ് അറോറക്കും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. വിചാരണ കോടതി വദ്രയ്ക്ക് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അപ്പീലിലാണ് ഹൈക്കോടതി നോട്ടീസ് നൽകിയിരിക്കുന്നത്.
കേസിൽ ഈ മാസം 19 വരെ റോബർട്ട് വദ്രയെ അറസ്റ്റ് ചെയ്യരുതെന്ന് ഡൽഹി പട്യാല ഹൗസ് കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. എന്നാൽ, വദ്രയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് എൻഫോഴ്സ്മെന്റ്. യു.പി.എ സർക്കാരിന്റെ കാലത്ത് നടത്തിയ ഇടപാടുകളിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് വിദേശത്തു സ്വത്ത് സാമ്പാദിച്ചു എന്നാണ് വദ്രക്കെതിരായ കേസ്. ജൂലൈ 17 നു കേസിൽ വിശദമായി വാദം കേൾക്കും.
അതേസമയം, ബിനാമി സ്വത്തിടപാട് വഴി ലണ്ടനില്‍ ആഡംബര വില്ല ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നേരത്തെ വദ്രയെ ചോദ്യം ചെയ്തിരുന്നു. വദ്ര തന്റെ ബിസിനസ്സ് സഹായി മനോജ് അറോറയുടെ പേരിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ആരോപിക്കുന്നത്. മനോജ് അറോറയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു