a-padmakumar

തിരുവനന്തപുരം: ശബരിമലയിൽ നിന്ന് സ്വർണമോ വെള്ളിയോ നഷ്‌ടപ്പെട്ടിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്‌മകുമാർ. ഇതുസംബന്ധിച്ച് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോർട്ട് ലഭിച്ചുവെന്നും, പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പദ്‌മകുമാർ വ്യക്തമാക്കി. തിരുവനന്തപുരത്ത് ബോർഡ് ആസ്ഥാനത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'സ്വർണത്തിന്റെ കാര്യത്തിൽ മാത്രമല്ല വസ്‌തുവകകളുടെ കാര്യത്തിലും വ്യക്തതവേണം. ദേവസ്വം ബോർഡിന്റെ വസ്‌തുവകകൾ പലതും സ്വകാര്യ വ്യക്തികളുടെ കൈകളിലാണ്. ഇത് തിരിച്ചു പിടിക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. 2016ൽ റിട്ടയേർഡ് ആയ ജി.മോഹനൻ (ഗ്രേഡ് വൺ അക്കൗണ്ടന്റ്) എന്നയാളുടെ ഗുരുതരമായ വീഴ്‌ചയാണ് ഇപ്പോഴുള്ള വിവാദത്തിന് കാരണം. ഒരു ഉദ്യോഗസ്ഥന്റെ പേരിൽ ക്രമക്കേട് കണ്ടെത്തിയാൽ, പണം തിരിച്ചടച്ചതു കൊണ്ട് മാത്രം കുറ്റം അല്ലാതാവുകയില്ല. അവരുടെ പേരിൽ ക്രിമിനൽ നടപടിയെടുക്കും.

ആറന്മുള സ്ട്രോംഗ് റൂമിൽ 10,413 സാമഗ്രികളാണ് സൂക്ഷിച്ചിട്ടുള്ളത്. ഇതിന്റെ പരിശോധന നടത്താൻ ബോർഡ് ഒരു വർഷം മുമ്പ് തന്നെ തീരുമാനിച്ചിരുന്നു. ചുമതലകൾ കൈമാറാത്തതുകാരണം പലരുടെയും പെൻഷൻ തടഞ്ഞു വയ്‌ക്കേണ്ട അവസ്ഥ വന്നതിനെ തുടർന്നാണ് പരിശോധന ആരംഭിച്ചത്. മോഹനനും ഇത്തരത്തിൽ പകരം വന്നയാൾക്ക് ചുമതല കൈമാറിയിരുന്നില്ല. ഇത് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്‌ണന്റെ സമയത്താണ്'-പദ്‌മകുമാർ പറഞ്ഞു.

'സ്വർണമോ വെള്ളിയോ നഷ്‌ടപ്പെട്ടില്ലെന്നുള്ള തരത്തിൽ വാർത്തകൾ പ്രചരിക്കാൻ പാടില്ലായിരുന്നു. ഇതിനെ തുടർന്ന് ആന്ധ്രാ, കർണാടക തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നിരവധി ഭക്തർ തന്നെ വിളിച്ചിരുന്നു. അയ്യപ്പന്റെ ഒരു പവനെങ്കിലും നഷ്‌ടമായോ എന്നാണ് അവർ ചോദിച്ചത്'- പദ്‌മകുമാർ കൂട്ടിച്ചേർത്തു.

അതേസമയം, ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വർണ്ണം, വെള്ളി ഉരുപ്പടികളുടെ കണക്കുകളിൽ പൊരുത്തക്കേടുണ്ടോ എന്നറിയാനായി ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിംഗ് സംഘത്തിന്റെ പരിശോധന പൂർത്തിയായി. പൊരുത്തക്കേടുള്ള 40 കിലോ സ്വർണ്ണം സ്‌ട്രോംഗ് റൂമിൽ ഉണ്ടെന്ന് മഹസർരേഖകളിൽ വ്യക്തമായതായി ഓഡിറ്റ് വിഭാഗം അറിയിച്ചു. സ്‌ട്രോംഗ് റൂം തുറന്ന് പരിശോധിക്കേണ്ടതില്ല. കണക്കിൽ കാണാത്ത നാല് വെള്ളി ഉരുപ്പടികൾ ശബരിമലയിൽ ഉപയോഗിക്കുന്നുവെന്നാണ്‌ ദേവസ്വം ബോർഡ് വിശദീകരണം.

2017 മുതലുള്ള ഉരുപ്പടികളുടെ കണക്കുകളാണ് പരിശോധിച്ചത്. സ്‌ട്രോംഗ് റൂം മഹസ്സറുകളും ശബരിമലയിലെ രജിസ്ടറും തമ്മിൽ പൊരുത്തകേടുകൾ ഉണ്ടെന്ന സംശത്തെ തുടർന്നാണ് മുഴുവൻരേഖകളും ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിംഗ് സംഘം പരിശോധിച്ചത്. ആകെ 10413 ഉരുപ്പടികളാണ് സ്‌ട്രോങ്ങ് റൂമിലുള്ളത്. ഇതിൽ 5720 എണ്ണം അക്കൗണ്ടന്റ് പരിശോധിച്ചു ഉറപ്പു വരുത്തിയിട്ടുണ്ട്.ശേഷിക്കുന്നവയിൽ 800 ഒഴികെ വിവിധക്ഷേത്രങ്ങളുടെ ആവശ്യത്തിന് കൈമാറിയിട്ടുണ്ട്. 800 എണ്ണത്തിന്റെരേഖകളിലാണ് അവ്യക്തത ഉള്ളത്.