comb

മുടിയുടെ സ്വഭാവം അനുസരിച്ച് വേണം മുടിയെ പരിപാലിക്കേണ്ടത്. മൂന്നു തരത്തിലുള്ള മുടിയാണ് പ്രധാനമായുള്ളത്. സാധാരണ മുടി, വരണ്ട മുടി, എണ്ണമയമുള്ള മുടി. തലമുടിയിൽ എന്തു ചെയ്യുന്നതിനും മുമ്പ് ഓരോരുത്തരുടെയും മുടിയുടെ സ്വഭാവം ആദ്യമേ തിരിച്ചറിയണം. അതനുസരിച്ചുള്ള ശ്രദ്ധ നൽകിയാൽ മാത്രമേ ഭംഗിയും ആരോഗ്യവും ലഭിക്കൂ. സാധാരണമുടി അധികം എണ്ണമയം കാണപ്പെടാത്തതും അധികമായി വരൾച്ച നേരിടാത്തതുമായ മുടിയാണ്. ഇത്തരം മുടിയുള്ളവർ ഒരുപാട് ശ്രദ്ധ മുടിയ്ക്ക് നൽകേണ്ടി വരില്ല. ആഴ്ചയിൽ ഒരിക്കൽ മുടി ഷാംപു ചെയ്യാവുന്നതാണ്. അതുപോലെ, ആഴ്ചയിലൊരിക്കൽ ഹോട്ട് ഓയിൽ മസാജും ചെയ്യാം.

പൊതുവേ പാറി പറന്നു കിടക്കുന്നുവയാണ് വരണ്ട മുടി. എത്ര എണ്ണ തേച്ചു കുളിച്ചാലും കുളിച്ചതായി കാണുന്നവർക്ക് തോന്നില്ല. ഇവർ ഷാംപു ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. വീര്യം കുറഞ്ഞ ഷാംപു വേണം മുടിയിൽ ഉപയോഗിക്കേണ്ടത്. പുറത്തിറങ്ങുമ്പോൾ ജെൽ ഉപയോഗിക്കുന്നതും ഒരുപരിധി വരെ വരൾച്ചയിൽ നിന്നും രക്ഷിക്കും. രണ്ടു നേരവും കുളിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ പെട്ടെന്ന് വരണ്ട മുടിയിൽ ബാധിക്കാൻ സാധ്യത കൂടുതലാണ്.

തലയിലും മുഖത്തും എപ്പോഴും എണ്ണ തേച്ചതുപോലെ കാണപ്പെടുന്നുണ്ടെങ്കിൽ ഉറപ്പിച്ചോളൂ നിങ്ങളുടേത് എണ്ണമയമുള്ള മുടിയാണെന്ന്. ദിവസവും വീര്യം കുറഞ്ഞ ഷാംപു ഇത്തരക്കാർക്ക് ഉപയോഗിക്കാവുന്നത്.എണ്ണ കഴിവതും അകറ്റി നിർത്തുക.ആഴ്ചയിലൊരിക്കൽ ഹോട്ട് മസാജിംഗ് ചെയ്യാവുന്നതാണ്. മുൽട്ടാണി മിട്ടി ഉപയോഗിക്കുന്നതും മുടിയുടെ എണ്ണമയം ഇല്ലാതാക്കുകയും നല്ലൊരു കണ്ടീഷണറായി പ്രവർത്തിക്കുകയും ചെയ്യും.

മുടി നന്നായി ഉണങ്ങിയതിനു ശേഷമേ ചീകാവൂ. നനവോടെ മുടി ചീകുമ്പോൾ മുടിയുടെ അറ്റം വിണ്ടു കീറാൻ സാധ്യതയുണ്ട്. ആദ്യം തല മുന്നോട്ടേക്ക് കുനിച്ച് ശിരോചർമ്മം മുതൽ താഴേക്കു ചീകുക. മുടി ചീകുമ്പോൾ തല മുമ്പോട്ടാക്കി ചെരിച്ചുപിടിക്കുക. ഇതു തലയിലേക്കുള്ള രക്തചംക്രമണം കൂട്ടുകയും മുടിവളർച്ചയ്ക്കു സഹായിക്കുകയും ചെയ്യും. മുടി ചീകുന്നതുമൂലം മുടിയിൽ സ്വാഭാവികമായുണ്ടാകുന്ന എണ്ണ മുടിയുടെ അറ്റംവരെയെത്തുകയാണു ചെയ്യുന്നത്. മാത്രവുമല്ല, നല്ലൊരു മസാജിംഗ് കൂടിയാണിത്.

മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ട്രീറ്റ്‌മെന്റാണ് ഹോട്ട് ഓയിൽ മസാജ്. മുടി ആദ്യം നന്നായി ചീകുകയാണ് വേണ്ടത്. ഡാൻഡ്രഫ് ബ്രഷ് ഉപയോഗിച്ച് ചീകിയാൽ നന്നായിരിക്കും. തലയോട്ടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന താരൻ ഇളകാൻ വേണ്ടിയാണിത്. തുടർന്ന് എണ്ണ തേച്ച് പിടിപ്പിക്കണം. ഒലിവെണ്ണയും വെളിച്ചെണ്ണയുമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇവ തുല്യ അളവിലെടുത്ത് ചെറുതായി ചൂടാക്കുക. ഇതിനശേഷം ഈ മിശ്രിതത്തിൽ ചെറിയ കഷണം കർപ്പൂരം ചേർക്കാം. ഇളം ചൂടോടെ ഇത് തലയിൽ തേച്ച് മസാജ് ചെയ്യണം.