കൊൽക്കത്ത: ശാരദാ ചിട്ടിതട്ടിപ്പ് കേസിൽ കൊൽക്കത്ത മുൻ പൊലീസ് കമ്മിഷണർ രാജീവ് കുമാർ, സി.ബി.ഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരായില്ല. പകരം, ഏഴുദിവസത്തെ സമയം ആവശ്യപ്പെട്ട് സി.ബി.ഐക്ക് കത്തയച്ചു. ഞായറാഴ്ച വൈകിട്ട് സി.ബി.ഐ ഉദ്യോഗസ്ഥർ രാജീവ് കുമാറിന്റെ സൗത്ത് കൊൽക്കത്തയിലെ വസതിയിലെത്തി തിങ്കളാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു.
അതേസമയം രാജീവ് കുമാർ രാജ്യം വിടാതിരിക്കാൻ സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളലും ഇതുമായി ബന്ധപ്പെട്ട് അറിയിപ്പ് നൽകി. 2500 കോടിയുടെ തട്ടിപ്പുകേസ് സി.ബി.ഐ ഏറ്റെടുക്കുംമുമ്പ് അന്വേഷണം നടത്തിയത് രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമായിരുന്നു. അന്വേഷണവുമായി സഹകരിക്കാത്തതിനാൽ അദ്ദേഹത്തെ കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്നാണ് സി.ബി.ഐ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. നേരത്തേ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിൽ നിന്നു വിലക്കിക്കൊണ്ടുള്ള വിധി സുപ്രീംകോടതി പിൻവലിച്ചിരുന്നു.