ss

ലണ്ടൻ: ബ്രിട്ടനിൽ കഴിഞ്ഞ ദിവസം നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ ബ്രിസ്റ്റോൾ ബ്രാഡ്‌​ലി സ്റ്റോക്ക് നഗരത്തിന്റെ മേയറായി മലയാളിയായ ടോം ആദിത്യ തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടനിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ ആദ്യത്തെ തെക്കേ ഇന്ത്യക്കാരനായ ജനപ്രതിനിധിയാണ് ടോം. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിൽ ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ വംശജൻ മേയറായി തിരഞ്ഞെടുക്കപ്പെടുന്നത്. സൌത്ത് വെസ്റ്ര് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ സിറ്റിയും ഒൻപതു സമീപ ജില്ലകളും ഉൾപ്പെടുന്ന പൊലീസ് ബോർഡിന്റെ വൈസ് ചെയർമാനും ബ്രിസ്റ്റോൾ സിറ്റി കൗൺസിലിന്റെ സാമുദായിക സൗഹാർദ സമിതിയുടെ ചെയർമാനുമാണ് ടോം.

ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്കു ബ്രക്‌സിറ്റ്​ വിഷയത്തിലെ പ്രതിസന്ധി കാരണം ഇംഗ്ലണ്ടിൽ 1335 ലധികം കൗൺസിലർമാരെ നഷ്ടപ്പെട്ട് കാലിടറിയപ്പോഴും, വൻ ഭൂരിപക്ഷത്തിലാണ് ടോം ജയിച്ചുകയറിയത്. മാനേജ്‌​മെന്റ് കൺസൾട്ടന്റ്. പ്രഭാഷകൻ, മനുഷ്യാവകാശപ്രവർത്തകൻ, സാമൂഹ്യശാസ്ത്രഗവേഷകൻ എന്നീ നിലകളിലും ടോം പ്രശസ്തനാണ്.

റാന്നി ഇരൂരിയ്ക്കൽ ആദിത്യപുരം തോമസ് മാത്യു - ഗുലാബി മാത്യു ദമ്പതികളുടെ മകനും ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനി വെട്ടം മാണിയുടെ പൗത്രനുമാണ് ടോം. ഭാര്യ: ലിനി; മക്കൾ: അബിഷേക്, അലീന, ആൽബെർട്ട്, അഡോണ, അൽഫോൻസ്. റോസ് പ്രീനാ, സിറിൽ പ്രണാബ് എന്നിവർ സഹോദരങ്ങളാണ്.