തിരുവനന്തപുരം: ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ വനിതാ സംഘടനയായ ലയണസ് ബോർഡിന്റെ ' തണൽ ഏകിയവർക്കു തണൽ ഏകാം' പദ്ധതിയുടെ ഭാഗമായി പൂജപ്പുര വനിതാ വൃദ്ധസദനത്തിലേക്ക് ആവശ്യമായ ഉപകരണങ്ങൾ കൈമാറി. ലയൺ ഡിസ്ട്രിക്ട് 318എ ഗവർണർ ജോൺ ജി. കൊട്ടറ പരിപാടി ഉദ്ഘാടനം ചെയ്‌തു. പ്രഷർ കുക്കർ, മിക്‌സി, ഫാൻ, ഇഡ്ഡലി പാത്രം, സാനിട്ടറി പാഡുകൾ തുടങ്ങിയവയാണ് കൈമാറിയത്. ലയണസ് ബോർഡിന്റെ ബാങ്കിലെ സ്ഥിര നിക്ഷേപത്തിൽ നിന്നു കിട്ടുന്ന വാർഷിക ആദായം ലയൺ ഡിസ്ട്രിക്ടിന്റെ വിവിധ ഭാഗങ്ങളിലെ വൃദ്ധസദനത്തിലെ അമ്മമാരുടെ ക്ഷേമത്തിനായി ചിലവഴിക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ചതാണ് തണൽ ഏകിയവർക്ക് തണൽ ഏകാം എന്ന പദ്ധതി. ചടങ്ങിൽ ലയണസ് ബോർഡ് പ്രസിഡന്റ് പുഷ്‌പ തമ്പി അദ്ധ്യക്ഷയായി. മുൻ ഡിസ്ട്രിക്ട് ഗവർണറും മൾട്ടിപ്പിൽ ഡിസ്ട്രിക്ട് ചെയർമാനുമായ സി.എ.കെ. സുരേഷ്, മുൻ ഡിസ്ട്രിക്ട് ഗവർണർ സി.എ. അലക്‌സ് കുര്യാക്കോസ്, ലയണസ് ബോർഡ് മുൻ പ്രസിഡന്റ് ആബിദാ നൂഹു, വൃദ്ധസദനം സൂപ്രണ്ട് സജിത തുടങ്ങിയവർ സംസാരിച്ചു.