മുംബയ്: ബോളിവുഡിലെ പ്രമുഖ സംഘട്ടന സംവിധായകനും നടൻ അജയ് ദേവ്‌ഗണിന്റെ പിതാവുമായ വീരു ദേവ്‌ഗൺ അന്തരിച്ചു. മുംബയിലായിരുന്നു അന്ത്യം. ഫിലിം ട്രേഡ് അനലിസ്റ്റ് തരൺ ആദർശാണ് മരണവിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സംസ്കാര ചടങ്ങുകൾ ഇന്നലെ മുംബയിൽ നടന്നു.
നൂറ്റി അമ്പതോളം ഹിന്ദി ചിത്രങ്ങൾക്കു വേണ്ടി കോറിയോഗ്രാഫിയും സ്റ്റണ്ട് സംവിധാനവും വീരു നിർവഹിച്ചിട്ടുണ്ട്. 1999ൽ മകൻ അജയ് ദേവഗണിനെയും അമിതാഭ് ബച്ചനെയും അഭിനേതാക്കളാക്കി സംവിധാനം ചെയ്ത 'ഹിന്ദുസ്ഥാൻ കീ കസം' എന്ന സിനിമ ഹിറ്റായിരുന്നു. ക്രാന്തി, സൗരഭ്, സിംഗാസൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. സംവിധാന സഹായി, നിർമ്മാതാവ് എന്നീ നിലകളിലും പ്രശസ്തനാണ് വീരു ദേവ്‌ഗൺ. വീണയാണ് ഭാര്യ. അനിൽ ദേവ്ഗൺ, കവിത, നീലം ദേവ്ഗൺ എന്നിവരാണ് മറ്റു മക്കൾ.