മുംബയ്: ഭർത്താവിന്റെ ചിതയിൽ ചാടി ആത്മഹത്യ ചെയ്യാൻ ഭാര്യയെ പ്രേരിപ്പിക്കുന്ന 'സതി' ആചാരത്തെ ന്യായീകരിച്ച് ഉത്തരേന്ത്യൻ സിനിമാ അഭിനേത്രിയും ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയുമായിരുന്ന പായൽ റോഹത്ഗി.സതി ആചാരത്തിനെതിരെയും ബാലവിവാഹത്തിനെതിരെയും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയും പോരാടിയ സാമൂഹിക പരിഷ്‌കർത്താവ് രാജാറാം മോഹൻ റോയിയേയും പായൽ അപമാനിച്ചു.
രാജാറാം മോഹൻ റോയ് രാജ്യദ്രോഹിയായിരുന്നുവെന്നും പരമ്പരാഗത ആചാരങ്ങളെ വിമർശിച്ചിരുന്നുവെന്നുമാണ് പായലിന്റെ വിമർശനം. ട്വിറ്റർ വഴിയാണ് അദ്ദേഹത്തിനെതിരെ പായൽ വിമർശന ശരമയച്ചത്. പായലിന്റെ ട്വീറ്റിനെ തുടർന്ന് വിമർശനങ്ങളുമായി ഏറെ പേർ രംഗത്തെത്തി.
'ഇന്ത്യൻ ഹിസ്റ്ററി പിക്‌സ്' എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നും രാജാറാം മോഹൻ റോയിയെയും അദ്ദേഹത്തിന്റെ സംഭാവനകളെയും പ്രകീർത്തിച്ചുകൊണ്ടുള്ള ഒരു ട്വീറ്റിന് മറുപടിയായാണ് പായൽ മോഹൻ റോയിക്കെതിരെ ആരോപണം ഉന്നയിച്ചത്.
'അയാൾ(രാജാറാം മോഹൻ റോയ്) ബ്രിട്ടീഷുകാരുടെ അടിമയും ഇന്ത്യൻ ആചാരമായ 'സതി'യെ അപമാനിക്കാൻ ശ്രമിച്ചവനുമായിരുന്നു. സതി ഒരിക്കലും നിർബന്ധപൂർവ്വം അടിച്ചേൽപിക്കപെട്ട ഒരു ആചാരമായിരുന്നില്ല. മുഗൾ അധീശത്വ ശക്തികൾക്ക് മുന്നിൽ ഹിന്ദു ഭാര്യമാർ വേശ്യകളായി മാറുന്നത് തടയുന്നതിന് വേണ്ടി ആയിരുന്നു ആ ആചാരം. അത് സ്ത്രീയുടെ അവകാശം ഹനിച്ചിരുന്നില്ല. അത് പിന്തിരിപ്പൻ ആചാരം ആയിരുന്നില്ല.' ഫെമിനിസ്റ്റ്സ് ഓഫ് ഇന്ത്യ എന്ന ഹാഷ്ടാഗിന്റെ അകമ്പടിയോടെ പായൽ റോഹത്ഗി ട്വിറ്ററിൽ കുറിച്ചു.
പായലിന്റെ ട്വീറ്റിന് വിമർശനവുമായി നിരവധി പേരാണ് ട്വിറ്ററിലെത്തിയത്. 'ഇവർക്ക് മാനസികരോഗം പിടിപെട്ടിരിക്കുകയാണ്. പ്രശസ്തി മാത്രമാണ് ഇവരുടെ ഉദ്ദേശ്യം. ഇവർ സിനിമയിൽ അഭിനയിച്ചപ്പോൾ നന്നായി ആ ജോലി ചെയ്തിരുന്നുവെങ്കിൽ ഇപ്പോൾ ഇങ്ങനെ പറയേണ്ടി വരില്ലായിരുന്നു.' ഇങ്ങനെയാണ് ഒരാൾ ട്വിറ്ററിലൂടെ പ്രതികരിച്ചത്. എന്നാൽ പായലിനെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി.