amitsha-

ന്യൂഡൽഹി : പ്രധാനമന്ത്രിയായുള്ള നരേന്ദ്രമോദിയുടെ രണ്ടാമൂഴത്തിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായ്ക്ക് സുപ്രധാന വകുപ്പുകൾ നൽകുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ആഭ്യന്തര വകുപ്പായിരിക്കും അമിത് ഷാ കൈകാര്യം ചെയ്യുന്നതെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഏറ്റവും പുതുതായി വരുന്ന സൂചനകൾ പ്രകാരം അമിത് ഷാ മന്ത്രിസഭയിലെത്തുകയാണെങ്കിൽ ധനകാര്യ വകുപ്പ് ഏറ്റെടുക്കാനാണ് സാദ്ധ്യത.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അരുൺ ജയ്റ്റ്ലി മന്ത്രിയാകാനിടയില്ല. ജയ്റ്റ്ലിക്ക് പകരമായാണ് അമിത് ഷായെ പരിഗണിക്കുന്നതെന്നാണ് സൂചന. വ്യാഴാഴ്ച നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ അമിത് ഷായുടെയും മറ്റുമന്ത്രിമാരുടെയും കാര്യത്തിൽ രണ്ടുദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകും.

അമിത് ഷാ ധനമന്ത്രി സ്ഥാനത്തെത്തിയാൽ രാജ്നാഥ് സിംഗ് തന്നെയായിരിക്കും ആഭ്യന്തര മന്ത്രി.

മേയ് 31 ന് ആദ്യ മന്ത്രിസഭാ യോഗം ചേരുമെന്നാണ് സൂചന. ഈ യോഗത്തിലാകും 17 ലോക്സഭയുടെ ആദ്യ സമ്മേളനം ചേരുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. എന്നാൽ ജൂൺ ആറിന് 17ാം ലോക്സഭയുടെ ആദ്യ സമ്മേളനം ചേരാൻ അനൗദ്യോഗികമായി തീരുമാനിച്ചിട്ടുണ്ട്.