കൊച്ചി: എറണാകുളം നഗരമദ്ധ്യത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേ മാർക്കറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ മൂന്നു കടകൾ കത്തിനശിച്ചു. 25 ഫയർഫോഴ്സ് യൂണിറ്റുകൾ രണ്ട് മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്. ആളപായമില്ല. ഒന്നരക്കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. തയ്യൽ മെഷീനും തയ്യൽ ഉത്പന്നങ്ങളും വിൽക്കുന്ന കെ.സി. പാപ്പു ആൻഡ് സൺസ് എന്ന കടയുടെ ഒന്നാമത്തെ നിലയിൽ ഇന്നലെ രാവിലെ പത്തോടെയാണ് ആദ്യം തീകണ്ടത്. ജീവനക്കാർ രാവിലെ കടതുറന്നയുടനേയായിരുന്നു സംഭവം. ആളിപ്പടർന്ന തീ സമീപത്തെ അലുമിനിയം ഷീറ്റുകൾ വിൽക്കുന്ന കലൂർ മെറ്റൽസ്, ഭദ്ര ടെക്സ്റ്റൈൽസ്, എന്നീ സ്ഥാപനങ്ങളിലേക്കും പടർന്നു. മൂന്ന് കടകളുടെയും ഒന്നാം നിലയിലെ ഗോഡൗണുകൾ പൂർണമായും കത്തിനശിച്ചു. സമീപത്തെ സി.കെ. ശങ്കുണ്ണിനായർ ബേക്കറിയിലേക്കും തീപടർന്നെങ്കിലും കൂടുതൽ നാശനഷ്ടമുണ്ടായില്ല. വീതി കുറഞ്ഞ മാർക്കറ്റ് റോഡിലൂടെ വളരെ ബുദ്ധി മുട്ടിയാണ് അഗ്നിശമന സേനയുടെ വാഹനങ്ങൾ കടന്നുവന്നത്. നാവികസേനയുടെയും തുറമുഖ ട്രസ്റ്റിന്റെയും യൂണിറ്റുകളും രക്ഷാപ്രവർത്തനത്തിന് എത്തി. മാർക്കറ്റിലെ ചുമട്ട് തൊഴിലാളികളും സജീവമായി രംഗത്തുണ്ടായിരുന്നു. മറ്റ് കടകളിലേക്ക് തീപടർന്നില്ലെങ്കിലും അണയ്ക്കാൻ ഉപയോഗിച്ച വെള്ളം ഒലിച്ചിറങ്ങിയതിനാൽ സാധനങ്ങൾ ഉപയോഗശൂന്യമായി.
അഗ്നിശമന സേനയുടെയും ചുമട്ടുതൊഴിലാളികളുടെയും കൃത്യമായ ഇടപെടലിലൂടെയാണ് തീ പെട്ടെന്ന് നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.
നൂറുവർഷത്തോളം പഴക്കമുള്ള കെട്ടിടങ്ങളാണ് കത്തിനശിച്ചത്. ഓടും ഷീറ്റും കൊണ്ടു മേഞ്ഞ കെട്ടിടങ്ങളുടെ ഒന്നാം നിലയിൽ ഗോഡൗണുകളാണ്. കളക്ടർ മുഹമ്മദ് വൈ. സഫീറുള്ള, സിറ്റി പൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രൻ, മേയർ സൗമിനി ജയിൻ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു..