ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടി രണ്ടാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുകയാണ് നരേന്ദ്രമോദി. സത്യപ്രതിജ്ഞാചടങ്ങിൽ വിവിധ ലോകനേതാക്കൾ പങ്കെടുക്കുമെന്നാണ് സൂചനകൾ . അതിനിടെ ബിംസ്റ്റെക്ക് രാജ്യങ്ങളിലെ ഭരണത്തലവൻമാരെ നരേന്ദ്രമോദി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചു. തായ്ലാൻഡ്, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ, മ്യാൻമർ, നേപ്പാൾ, കിർഗിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ഭരണത്തലവൻമാരെയാണ് മോദി ക്ഷണിച്ചത്.
വ്യാഴാഴ്ച വൈകിട്ട് ഏഴിന് രാഷ്ട്രപതി ഭവൻ അങ്കണത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. മന്ത്രിസഭാംഗങ്ങളും പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യാനാണ് സാദ്ധ്യത. അതേസമയം പുതിയ കേന്ദ്ര മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി സഖ്യകക്ഷി നേതാക്കളുമായി നാളെ അമിത് ഷാ ചർച്ചനടത്തും. സഖ്യകക്ഷി മന്ത്രിമാരുടെ കാര്യത്തിൽ നാളെ അമിത് ഷാ നേതാക്കളുടെ നിലപാട് തേടും. കേരളത്തിൽ നിന്ന് നിലവിലെ മന്ത്രി അൽഫോൺസ് കണ്ണന്താനം, വി. മുരളീധരൻ തുടങ്ങിയവരുടെ പേരുകൾ സജീവമെങ്കിലും ഇതിൽ അവസാന തീരുമാനമായിട്ടില്ല.