bong

പാരിസ്: കാൻ ചലച്ചിത്രോത്സവത്തിലെ പരമോന്നത പുരസ്‌കാരം പാം ‌ഡി ഓർ കൊറിയൻ കോമിക് ത്രില്ലർ ചിത്രം പാരസൈറ്റിന്. കൊറിയൻ സംവിധായകൻ ബോംഗ് ജൂൻ ഹോ സംവിധാനം ചെയ്ത പാരസൈറ്റ്,​ സമ്പന്ന കുടുംബത്തിൽ ജോലിചെയ്യുന്ന ദരിദ്ര കുടുംബത്തിന്റെ കഥയാണ് പറയുന്നത്. പാം ‌‌ഡി ഓർ നേടുന്ന ആദ്യ കൊറിയൻ സംവിധായകനാണ് ബോംഗ് ജൂൻ ഹോ. ഓക്ജ, സ്‌നോപീയേഴ്‌സർ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ബോംഗ് ജൂൻ ഹോ. 2017ൽ ഓക്ജയുമായാണ് ഒടുവിൽ ബോംഗ് കാനിലെത്തിയത്.

പാം ഡി ഓർ പുരസ്‌കാരം ലഭിച്ചതിൽ നന്ദി പറഞ്ഞ ബോംഗ്,​ കൊറിയൻ സിനിമയുടെ 100ാം വാർഷികം ആഘോഷിക്കുകയാണ് ഈ വർഷം എന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ജാപ്പനീസ് സംവിധായകൻ ഹിരോകാസു കോരെ ഈഡ ‘ഷോപ് ലിഫ്‌റ്റേഴ്‌സ്’ എന്ന സിനിമയിലൂടെ പാം ഡി ഓർ നേടിയിരുന്നു.


കാനിലെ രണ്ടാമത്തെ വലിയ പുരസ്‌കാരമായി പരിഗണിക്കപ്പെടുന്ന ദ ഗ്രാൻഡ് പ്രി നേടിയത് ആഫ്രിക്കയിലെ സെനഗലിൽ നിന്നുള്ള മാറ്റി ഡിയോപ്പിന്റെ അറ്റ്‌ലാന്റിക് ആണ്. കാനിലെ മത്സരവിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന കറുത്ത വർഗക്കാരിയായ ആദ്യ വനിത സംവിധായികയാണ് മാറ്റി ഡിയോപ്. ബ്രസീലിയൻ ചിത്രം ബാകുറോയും ഫ്രഞ്ച് ചിത്രം ലെസ് മിസെറബിൾസും മൂന്നാം സമ്മാനം പങ്കിട്ടു.