air-india-

കൊച്ചി: ഇന്ത്യയിലെ ഏക പൊതുമേഖലാ വിമാന കമ്പനിയായ എയർ ഇന്ത്യയുടെ ഓഹരി വില്‌പന നടപടി കേന്ദ്രസർക്കാർ പുനരുജ്ജീവിപ്പിക്കുന്നു. കേന്ദ്രസർക്കാരിന് 100 ശതമാനം ഓഹരി പങ്കാളിത്തമുള്ള എയർ ഇന്ത്യയുടെ 74 ശതമാനം വിറ്റഴിക്കാൻ കഴിഞ്ഞവർഷം താത്പര്യപത്രം ക്ഷണിച്ചിരുന്നെങ്കിലും ആരും എത്തിയില്ല. തെരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ തുടർശ്രമം നീട്ടിവയ്‌ക്കുകയായിരുന്നു.

എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട്ട് സർവീസസ് ഉൾപ്പെടെയുള്ള ഉപസ്ഥാപനങ്ങളുടെയും മുഴുവൻ ഓഹരികളും സർക്കാർ വിറ്റൊഴിയും. പ്രഖ്യാപനം അടുത്തമാസം ഉണ്ടായേക്കും. അഞ്ച് ശതമാനം ഓഹരികൾ എയർ ഇന്ത്യ ജീവനക്കാർക്ക് എംപ്ളോയീ സ്‌റ്റോക്ക് ഓപ്‌ഷനാക്കലും മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇൻവെസ്‌റ്ര്‌മെന്റ് ആൻഡ് പബ്ളിക് അസറ്റ് മാനേജ്‌മെന്റിനാണ് (ദിപം) ഓഹരി വില്‌പനയുടെ ചുമതല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉടൻ ദിപം സെക്രട്ടറി അതനു ചക്രവർത്തി കൂടിക്കാഴ്‌ച നടത്തുമെന്ന് സൂചനയുണ്ട്. കൺസൾട്ടൻസി സ്ഥാപനമായ ഏണസ്‌റ്ര് ആൻഡ് യംഗ് ആണ് എയർ ഇന്ത്യ ഓഹരി വില്‌പനയുടെ ഉപദേശകർ. ഉപസ്ഥാപനങ്ങളുടെ അടക്കം ഓഡിറ്രിംഗ് അടുത്തമാസത്തിനകം പൂർത്തിയാക്കാൻ എയർ ഇന്ത്യയോട് കേന്ദ്ര വ്യോമയാന സെക്രട്ടറി പ്രദീപ് സിംഗ് ഖരോല ആവശ്യപ്പെട്ടിട്ടുണ്ട്. 29,000 കോടി രൂപയുടെ കടബാദ്ധ്യതയുള്ള എയർ ഇന്ത്യ, നിലവിൽ കേന്ദ്ര രക്ഷാപാക്കേജിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്.

മോദി 2.0: ആദായ നികുതി

കുറയ്ക്കണമെന്ന് ആവശ്യം

മികച്ച വിജയവുമായി വീണ്ടും അധികാരത്തിലേറിയ എൻ.ഡി.എ സർക്കാരിന് ഇന്ത്യയുടെ തളരുന്ന സമ്പദ്‌വ്യവസ്ഥ വൻ വെല്ലവിളിയാണെന്ന് ഫിക്കി അഭിപ്രായപ്പെട്ടു. ഒക്‌ടോബർ-ഡിസംബർ പാദത്തിൽ 6.6 ശതമാനമായിരുന്നു ജി.ഡി.പി വളർച്ച. ജനുവരി-മാർച്ച് പാദ വളർച്ചാക്കണക്ക് ഈവാരം അറിയാം. വളർച്ച കുറയുമെന്നാണ് വിലയിരുത്തൽ.

വളർച്ച മെച്ചപ്പെടുത്താനായി ആഭ്യന്തര ഉപഭോഗം കൂട്ടണമെന്നും കയറ്റുമതിയെ പ്രോത്‌സാഹിപ്പിക്കണമെന്നും ഫിക്കി ആവശ്യപ്പെട്ടു. കഴിഞ്ഞ ബഡ്‌ജറ്റിൽ അഞ്ചുലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. നികുതിയിൽ കൂടുതൽ ഇളവ് വേണം. പലിശനിരക്ക് വീണ്ടും കുറയ്‌ക്കാൻ റിസർവ് ബാങ്ക് തയ്യാറാവണം. കയറ്റുമതി മേഖലയ്ക്ക് കൂടുതൽ ഇൻസെന്റീവുകൾ നൽകണമെന്നും ആവശ്യമുണ്ട്.