ജയ്പ്പൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട പരാജയത്തിന് ശേഷം രാജസ്ഥാനിലെ കോൺഗ്രസ് മന്ത്രിസഭയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. മന്ത്രിസഭയിൽ കോൺഗ്രസിന് വൻ അഴിച്ചുപണികൾ നടത്തേണ്ടി വരുമെന്നാണ് സൂചനകൾ. തോൽവിയോടനുബന്ധിച്ച് സഭയിലെ രണ്ട് മന്ത്രിമാർ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. അതേസമയം, പാർട്ടിയുടെ പരാജയത്തിൽ മനം മടുത്ത് ഒരു മന്ത്രി രാജി വയ്ക്കാൻ തയാറാകുന്നതായും സൂചനയുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കൾ കാര്യമായ പ്രചാരണത്തിന് മുൻകൈ എടുത്തില്ലെന്നും, കൂടുതൽ പേരും തങ്ങളുടെ മക്കളെ സ്ഥാനാർത്ഥിയാക്കി അവർക്കുവേണ്ടി പ്രചാരണം നടത്തുന്ന തിരക്കിൽ പാർട്ടിയുടെ കാര്യം മറന്നുപോയെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. നേതാക്കളെല്ലാം രാഹുലിനെ ഒറ്റയ്ക്കാക്കിയെന്നും പ്രചാരണം ഏറ്റെടുക്കാൻ തയാറായില്ലെന്നും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയും രാഹുൽ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക ഗാന്ധിയും വിമർശിച്ചിരുന്നു.
രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസിലെ തലമുതിർന്ന നേതാവുമായ അശോക് ഗെലോട്ടിനെ ലക്‌ഷ്യം വെച്ചാണ് രാഹുലിന്റെയും പ്രിയങ്കയുടെയും വിമർശനം എന്നാണ് സൂചന. തന്റെ മകനായ വൈഭവ് ഗെലോട്ടിനെ രാജസ്ഥാനിലെ ജോധ്പൂർ മണ്ഡലത്തിൽ മത്സരിപ്പിച്ച അശോക് ഗെലോട്ട് ബി.ജെ.പിയിൽ നിന്നും വൻ പരാജയം എറ്റുവാങ്ങുകയായിരുന്നു.
എന്നാൽ, ഇത്തരം കാര്യങ്ങൾ പാർട്ടിയുടെ ആഭ്യന്തര വിഷയമാണെന്നും കോൺഗ്രസിലെ നേതാക്കളുടെ കുറവുകളെ കുറിച്ച് സംസാരിക്കാൻ പാർട്ടി അധ്യക്ഷന് അധികാരം ഉണ്ടെന്നുമായിരുന്നു അശോക് ഗെലോട്ട് മാധ്യമങ്ങളോട് പറഞ്ഞത്.