കൊല്ലം: പൊന്നുമോളുടെ മനസ്സിന്റെ പിൻവിളി കേൾക്കാതെ. ഒരു പാട്ടിന്റെ പാതിവഴിയിൽ മരണത്തിലേക്കു യാത്രയായ അച്ഛന് നെഞ്ചുപൊട്ടുന്ന കണ്ണീരുമായി യാത്രാമൊഴി. മകളുടെ വിവാഹത്തലേന്ന് സത്‌കാരവേളയിലെ ഗാനമേളയിൽ മകളെയോർത്ത് 'രാക്കിളി പൊൻമകളേ....' പാടുന്നതിനിടെ കുഴഞ്ഞുവീണു മരിച്ച കരമന സ്റ്റേഷനിലെ എസ്.ഐ നീണ്ടകര സ്വദേശി വിഷ്‌ണു പ്രസാദിന് കുടുംബവും നാടും സഹപ്രവർത്തകരും വേദനയോടെ വിട നൽകി.
ശനിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് ഇളയ മകൾ ആർച്ചാ പ്രസാദിന്റെ വിവാഹത്തലേന്നാളിലെ സ്വീകരണ പരിപാടിക്കിടെ വിഷ്‌ണുപ്രസാദ് കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിക്കും മുമ്പേ, വിഷ്‌ണു പ്രസാദ് മരിക്കുകയും ചെയ്‌തു. വിവാഹത്തിന് ഒരുക്കം പൂർത്തിയായിരുന്നതുകൊണ്ട് മരണവിവരം മകളെ അറിയിച്ചില്ല. അടുത്ത ബന്ധുക്കളോടും വരന്റെ വീട്ടുകാരിൽ ചിലരോടും മാത്രം പറഞ്ഞു.
ആശുപത്രിക്കിടക്കയിൽ അച്ഛൻ സുഖംപ്രാപിച്ചു വരുന്നെന്ന് ബന്ധുക്കൾ പറഞ്ഞതു വിശ്വസിച്ചാണ് ആർച്ച കതിർമണ്ഡപത്തിൽ നിന്ന് വരന്റെ കൈപിടിച്ച് ഭർതൃഗൃഹത്തിലേക്കു പുറപ്പെട്ടത്. അച്ഛന്റെ അടുത്തേക്കു പോകണമെന്ന് ആർച്ച വാശിപിടിച്ചപ്പോൾ ഒടുവിൽ ബന്ധുക്കൾക്ക് സത്യം പറയേണ്ടിവന്നു. വീട്ടിൽ തിരിച്ചെത്തിയ ആർച്ചയ്‌ക്കു മുന്നിൽ മറുപടികളില്ലാതെ അമ്മ സുഷമയും ആർച്ചയുടെ സഹോദരങ്ങളായ ആര്യയും അനു പ്രസാദും പൊട്ടിക്കരഞ്ഞു.
ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ പത്തു മണിയോടെ കൊല്ലം എ.ആർ. ക്യാമ്പിൽ പൊതുദർശനത്തിനു വച്ചു. ഫ്യൂണറൽ പരേഡിനു ശേഷം കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും സംഘടനാ പ്രവർത്തകരും പുഷ്പചക്രമർപ്പിച്ചു. തുടർന്ന് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ കൺട്രോൾ റൂമിലും പൊതുദർശനത്തിനു വച്ചു. രണ്ടു മാസം മുമ്പുവരെ സിറ്റി കൺട്രോൾ റൂമിലായിരുന്നു വിഷ്‌ണു പ്രസാദിന് ഡ്യൂട്ടി.
അദ്ദേഹം ജോലി ചെയ്തിരുന്ന ശക്തികുളങ്ങര, കോസ്റ്റൽ സ്റ്റേഷനുകളിലും പൊതുദർശനത്തിന് വച്ചശേഷമാണ് ഉച്ചയ്‌ക്ക് ഒരുമണിയോടെ മൃതദേഹം വിലാപയാത്രയായി ചമ്പോളിൽ വീട്ടിലേക്ക് കൊണ്ടുന്നത്. വൈകിട്ടു നടന്ന സംസ്‌കാര ചടങ്ങിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി, മുൻ മന്ത്രി ഷിബു ബേബിജോൺ, എൻ.വിജയൻപിള്ള എം.എൽ.എ, സി.പി.എം നേതാക്കളായ കെ.എൻ. ബാലഗോപാൽ, എസ്. സുദേവൻ, മേയർ വി. രാജേന്ദ്രബാബു, കെ. സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.