ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ രാജസ്ഥാൻ, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിൽ ഭരണമാറ്റത്തിന് സാദ്ധ്യതയെന്ന് റിപ്പോർട്ട്. ആറുമാസം മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണം ലഭിച്ചിട്ടും ലോക്സഭയിൽ വലിയ തോൽവി ഏറ്റുവാങ്ങേണ്ടിവന്നതോടെയാണ് കോൺഗ്രസ് ദേശീയ നേതൃത്വം ഇരുസംസ്ഥാനങ്ങളിലും അഴിച്ചുപണിക്കൊരുങ്ങുന്നത്. 25 സീറ്റുള്ള രാജസ്ഥാനിലും 29 സീറ്റുള്ള മദ്ധ്യപ്രദേശിലും കോൺഗ്രസ് സമ്പൂർണ പരാജയമാണ് നേരിട്ടത്. മദ്ധ്യപ്രദേശിൽ മുഖ്യമന്ത്രി കമൽനാഥിന്റെ മകൻ നകുൽനാഥ് മാത്രമാണ് വിജയിച്ചത്. രാജസ്ഥാനിൽ മുഴുവൻ സീറ്റും എൻ.ഡി.എയാണ് നേടിയത്.
രാജസ്ഥാനിൽ പി.സി.സി അദ്ധ്യക്ഷൻ സച്ചിൻ പൈലറ്റിനാണ് നിലവിലെ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് പകരം സാദ്ധ്യത കല്പിക്കപ്പെടുന്നത്. മദ്ധ്യപ്രദേശിൽ കമൽനാഥിന് പകരം ജ്യോതിരാദിത്യ സിന്ധ്യയെ പരിഗണിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ഇതിനുള്ള സാദ്ധ്യത വിരളമാണ്. സിന്ധ്യയുടെ മണ്ഡലമായ ഗുണയിൽ പാർട്ടി നേരിട്ട പരാജയമാണ് കാരണം. രാജസ്ഥാനിൽ ഗെലോട്ടും സച്ചിനും തമ്മിലുള്ള പടലപ്പിണക്കങ്ങൾ പാട്ടിയുടെ വിജയത്തെ ബാധിച്ചെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞദിവസം നടന്ന പ്രവർത്തക സമിതിയോഗത്തിലും മുതിർന്ന നേതാക്കൾക്കെതിരെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നിശിത വിമർശനമുന്നയിച്ചിരുന്നു. നേതാക്കൾ തങ്ങളുടെ മക്കളുടെ സീറ്റിനുവേണ്ടി സമ്മർദ്ദം ചെലുത്തിയെന്നും പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിച്ചില്ലെന്നുമായിരുന്നു ആരോപണം. തുടർന്ന് താൻ രാജിവയ്ക്കാൻ ആഗ്രഹിക്കുന്നതായും രാഹുൽ വ്യക്തമാക്കിയിരുന്നു.
ഇക്കഴിഞ്ഞ ഡിസംബറിൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു അഞ്ച് സംസ്ഥാനങ്ങളിൽ നടന്നത്. ഇതിൽ രാജസ്ഥാൻ, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ കോൺഗ്രസ് മികച്ച വിജയം നേടിയാണ് അധികാരമുറപ്പിച്ചത്. എന്നാൽ, ഈ വിജയം തുടരാൻ രണ്ടിടങ്ങളിലും കഴിഞ്ഞില്ല. സംസ്ഥാന ഭരണം നേടിയതിന് പിന്നാലെ, മുഖ്യമന്ത്രി സ്ഥാനത്തിനായി സച്ചിനും സിന്ധ്യയും അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ, ദേശീയ നേതൃത്വം ഇടപെട്ടാണ് ഇരുവരെയും അനുനയിപ്പിച്ച് മുതിർന്ന നേതാക്കളായ, ഗെലോട്ടിനും കമൽനാഥിനും മുഖ്യമന്ത്രി സ്ഥാനം നൽകിയത്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം ഉറപ്പാക്കാനാകണം എന്ന നിബന്ധനയോടെയായിരുന്നു ഇത്. വിജയം ആവർത്തിക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെയാണ് ഇരുസംസ്ഥാനങ്ങളിലും നേതൃത്വം മാറുമെന്ന സൂചനകൾ ബലപ്പെടുന്നത്.
രാജസ്ഥാൻ നിയമസഭ
ആകെസീറ്റ്: 200
പ്രധാനകക്ഷിനില
കോൺഗ്രസ്: 112
ബി.ജെ.പി: 73
ബി.എസ്.പി: 6
മദ്ധ്യപ്രദേശ് നിയമസഭ
ആകെസീറ്റ്: 231
കോൺഗ്രസ്: 114
ബി.എസ്.പി: 2
എസ്.പി: 1
ബി.ജെ.പി: 109
കുഴഞ്ഞുമറിഞ്ഞ് കർണാടകയും
ബംഗളൂരു: രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ പാർലമെന്ററി പാർട്ടി യോഗം വിളിച്ച് കർണാടക കോൺഗ്രസ്. നാളെ ബംഗളൂരുവിലാണ് കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി യോഗം. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ജി. പരമേശ്വര, കർണാടക പി.സി.സി അദ്ധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു എന്നിവർ യോഗത്തിൽ പങ്കെടുക്കും.
കർണാടകയിൽ ഒാപറേഷൻ താമരയുടെ അഭ്യൂഹമുണർത്തി വിമത കോൺഗ്രസ് എം.എൽ.എ രമേശ് ജാർക്കിഹോളി ബി.ജെ.പി കാമ്പിൽ എത്തിയതിന് പിന്നാലെയാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം പാർലമെന്ററി പാർട്ടി യോഗം വിളിച്ചത്. സഖ്യസർക്കാരിൽ അസംതൃപ്തിയുള്ള എം.എൽ.എമാരെ രമേശ് ജാർക്കിഹോളിയുടെ നേതൃത്വത്തിൽ ഗോവയിലേക്ക് മാറ്റാനാണ് പദ്ധതിയെന്നും സൂചനകളുണ്ട്.