-mother-beat-baby

ഇടുക്കി: കട്ടപ്പന ഉപ്പുതുറയിൽ അമ്മയുടെ കാമുകൻ മർദ്ദിച്ച എട്ടു വയസുകാരിക്ക് അമ്മയുടെ വക വീണ്ടും മർദ്ദനം. കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ ജയിലിലായിരുന്ന അമ്മ ജാമ്യത്തിലിറങ്ങിയ ശേഷം ഭർത്താവിന്റെ വീട്ടിലെത്തി മർദ്ദിച്ചെന്നാണ് പരാതി. ജയിലിൽ പോകാൻ കാരണം കുട്ടിയാണെന്ന് പറഞ്ഞായിരുന്നു അമ്മയുടെ മർദ്ദനം. കുട്ടി ഇപ്പോൾ ഉപ്പുതറ സി.എച്ച്.സിയിൽ ചികിത്സയിലാണ്.
ഇക്കഴിഞ്ഞ 11നായിരുന്നു കുട്ടിക്ക് അമ്മയുടെ കാമുകനിൽ നിന്ന് മർദ്ദനമേറ്റത്. ഈ കേസിൽ അമ്മയുടെ കാമുകൻ ഉപ്പുതറ പത്തേക്കർ കുന്നേൽ അനീഷ് (34) ജയിലിലാണ്. അന്ന് പൊലീസിന്റെ നിർദ്ദേശപ്രകാരം കുട്ടിയെ പിതാവിനൊപ്പം അയച്ചിരുന്നു. അമ്മയും മർദ്ദിച്ചെന്ന കുട്ടിയുടെ മൊഴിയെ തുടർന്ന് ഇവരെയും പ്രതിചേർത്തിരുന്നു. ഒളിവിൽ പോയ അമ്മ 20 ന് ഇടുക്കി കോടതിയിൽ ഹാജരായി. തുടർന്ന് ഇവരെ കോടതി റിമാൻഡ് ചെയ്തതിനാൽ ഇളയ രണ്ട് കുട്ടികളെയും ഭർത്താവിന്റെ അമ്മയോടൊപ്പം അയച്ചു. 24ന് ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങി അമ്മ ഞായറാഴ്ച ഉച്ചയോടെ ഇളയ കുട്ടികളെ കൂട്ടാൻ എത്തിയപ്പോൾ വീണ്ടും മർദിച്ചെന്നാണ് കുട്ടി ചൈൽഡ് ലൈനും പൊലീസിനും മൊഴി നൽകിയിരിക്കുന്നത്. ചൈൽഡ് ലൈൻ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ കേസെടുക്കുമെന്ന് ഉപ്പുതറ സി.ഐ കെ.പി. ജയപ്രകാശ് അറിയിച്ചു. കുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് ശുപാർശ ചെയ്യും. തളർവാതം ബാധിച്ച് കിടപ്പിലായ കുട്ടിയുടെ പിതാവ് ഒന്നര വർഷമായി ഒമ്പതേക്കറിലെ തറവാട്ടുവീട്ടിലാണ് താമസം. എട്ടും അഞ്ചും രണ്ടും വയസുള്ള മൂന്ന് പെൺമക്കളുടെ അമ്മയായ യുവതി ഭർത്താവിനെ ഉപേക്ഷിച്ച് മുസ്ലിംപള്ളിക്കു സമീപം വാടകയ്ക്കാണ് താമസിക്കുന്നത്. ഭാര്യയുമായി പിരിഞ്ഞു കഴിയുന്ന അനീഷാണ് ഒരു വർഷമായി ഇവരുടെ കാര്യങ്ങൾ നോക്കുന്നത്. അനീഷ് സ്ഥിരമായി വീട്ടിൽ വരുന്നത് ബന്ധുക്കളോട് പറയുമെന്ന് പറഞ്ഞതിനാണ് മൂത്തകുട്ടിയെ ചൂരൽ വടിക്ക് തല്ലിയത്. അതേസമയം മകളെ മർദ്ദിച്ചിട്ടില്ലെന്നും തന്നെ കുടുക്കാൻ ഭർത്താവ് നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിതെന്നുമാണ് കുട്ടികളുടെ അമ്മ പറയുന്നത്.