salman-bsf

തന്റെ പുതിയ ചിത്രത്തിൽ ബി.എസ്.എഫ്. ജവാനെ അവതരിപ്പിക്കാൻ സൽമാൻ ഖാൻ ഒരുങ്ങുവെന്നാണ് ബോളിവുഡിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്ത. തീവ്രവാദ സംഘടനയായ ഇന്ത്യൻ മുജാഹിദീന്റെ ക്യാമ്പുകൾ തകർക്കുന്ന സൈനികനായാണ് സൽമാൻ പുതിയ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതെന്നും റിപ്പോർട്ടുകളുണ്ട്. സിനിമയിൽ സൽമാൻ തന്നെ അഭിനയിക്കണമെന്ന ആവശ്യവുമായി ഒരു വൻകിട നിർമ്മാണ കമ്പനി അദ്ദേഹത്തെ സമീപിച്ചതായും ഒരു എന്റർടൈൻമെന്റ് വെബ്‌സൈറ്റിൽ വന്ന വാർത്തകൾ സൂചിപ്പിക്കുന്നു.

'ഇന്ത്യയുമായി ബന്ധപ്പെട്ട കഥകളിൽ സൽമാൻ ഖാൻ എന്നും താൽപ്പര്യം കാണിച്ചിരുന്നു. വലിയൊരു പ്രൊഡക്ഷൻ കമ്പനിയാണ് ഇപ്പോൾ ഈ കഥയുമായി അദ്ദേഹത്തെ സമീപിച്ചിരിക്കുന്നത്. ഒരു ബി.എസ്.എഫ്‌. ജവാന്റെ കഥയാണ് ചിത്രം പറയുന്നത്. കഥ നടക്കുന്നത് കാശ്മീരിലാണ്.' എന്റർടൈൻമെന്റ് വെബ്സൈറ്റിന്റെ വക്താവ് പറയുന്നു.

12, 14 വർഷങ്ങൾക്ക് മുൻപ് ഒറ്റയ്ക്ക് ഇന്ത്യൻ മുജാഹിദീന്റെ തീവ്രവാദ ക്യാമ്പുകൾ അപ്പാടെ തകർത്ത ഒരു പട്ടാളക്കാരനായാണ് ചിത്രത്തിൽ സൽമാന്റെ വേഷം. താരത്തിന് ചിത്രത്തിന്റെ കഥ ഏറെ ഇഷ്ടമായിട്ടുണ്ട്. ആരും പറയാത്ത ഈ കഥ നിർബന്ധമായും സിനിമയാകേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്റർടൈൻമെന്റ് വെബ്സൈറ്റ് പറയുന്നു.

ചിത്രത്തിന്റെ ഭാഗമാകാൻ തനിക്ക് സമ്മതമാണെന്നും സൽമാൻ ഖാൻ വാക്കാൽ പറഞ്ഞിട്ടുണ്ട്. സൽമാൻ ഖാന്റെ ഡേറ്റ് ആണ് അടുത്ത കടമ്പ. ഈ ചിത്രത്തോടൊപ്പം 'ദബാങ്' സീരീസിന്റെ മൂന്നാം ഭാഗത്തിലും സൽമാൻ അഭിനയിക്കുന്നുണ്ട്. 'ഭാരത്' ആണ് സൽമാന്റെ പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രം.