കൊച്ചി/ കൊട്ടാരക്കര: ഹോസ്റ്റലിലെ പാചകത്തൊഴിലാളിയായ യുവതി നാലു മാസം പ്രായമുള്ള പെൺകുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി. കൊട്ടാരക്കര കുളക്കാട പൂവറ്റൂർ ഈസ്റ്റ് മായാഭവനിൽ പൊടിയന്റെയും ഭാരതിയുടേയും മകൾ ഉദയയാണ് (30) ജോലി ചെയ്യുന്ന പാലാരിവട്ടത്തെ ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തത്. ഭർത്താവ് ഉപേക്ഷിച്ചതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു.
പാലാരിവട്ടം പി.ജെ. ആന്റണി റോഡിലെ ലേഡീസ് ഹോസ്റ്റലിൽ ഇന്നലെ രാവിലെയാണ് കുഞ്ഞിനെയും അമ്മയെയും മരിച്ച നിലയിൽ കണ്ടത്. അവിടെ പാചകത്തൊഴിലാളിയായ യുവതി ഇന്നലെ രാവിലെ ഏഴുമണിയായിട്ടും അടുക്കളയിൽ എത്താതിരുന്നതിനെ തുടർന്ന് ഇവർ താമസിച്ച രണ്ടാംനിലയിലെ മുറി പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ കട്ടിലിലും യുവതിയെ തൂങ്ങിമരിച്ച നിലയിലും കണ്ടത്. പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹങ്ങൾ ഉദയയുടെ വീട്ടുകാർക്ക് വൈകിട്ടോടെ വിട്ടുകൊടുത്തു.
കുഞ്ഞിന്റെ കഴുത്തിൽ പാട് കണ്ടെത്തിയിട്ടുണ്ടെന്ന് പാലാരിവട്ടം പൊലീസ് പറഞ്ഞു. കഴുത്തു ഞെരിച്ചതിന്റെ പാടാണെന്നാണ് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ നൽകിയ വിവരം.
കായംകുളം സ്വദേശിയായ രാജീവാണ് ഉദയയുടെ ഭർത്താവ്.കഴിഞ്ഞ ഒക്ടോബറിലാണ് പരസ്യം കണ്ട് രാജീവും ഉദയയും ജോലി തേടി ഹോസ്റ്റലിലെത്തിയത്. രാജീവിനെ പാചകത്തിനും ഉദയയെ സഹായത്തിനും നിയമിച്ചു. രണ്ടുമാസം കഴിഞ്ഞ് ജോലി ഉപേക്ഷിച്ച് ഇരുവരും മടങ്ങി. 10 ദിവസം മുമ്പാണ് യുവതി കുഞ്ഞുമായി വീണ്ടും ഹോസ്റ്റലിലെത്തിയത്. ഭർത്താവ് ഉപേക്ഷിച്ചെന്നും ജോലി നൽകണമെന്നും അഭ്യർത്ഥിച്ചു. തുടർന്ന് ജോലിയും ഹോസ്റ്റലിലെ ഒരു മുറിയിൽ താമസിക്കാൻ സൗകര്യവും ഉടമകൾ നൽകിയെന്ന് പൊലീസ് പറഞ്ഞു.
സംസ്കാരംകാെട്ടാരക്കര പുത്തൂർമുക്കിലെ വിട്ടുവളപ്പിൽ നടന്നു.
ബന്ധുക്കളും ഒറ്റപ്പെടുത്തി
ഒന്നര വർഷം മുമ്പാണ് വീടിനു സമീപത്തെ ചായക്കടയിലെ പാചകക്കാരനായ രാജീവിനൊപ്പം ഉദയ ഒളിച്ചോടിയത്. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ ഉദയയെ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. യുവതിയുടെ ഇഷ്ടപ്രകാരം രാജീവിനൊപ്പം വിടുകയും ചെയ്തു. പിന്നീട് കായംകുളത്ത് ഒരുമിച്ച് താമസിക്കാൻ തുടങ്ങിയെങ്കിലും നിയമപരമായി വിവാഹിതരായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. രാജീവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.നാലു ദിവസം മുമ്പ് പൂത്തർ മുക്കിൽ ഉദയയുടെ അമ്മാവന്റെ മരണാനന്തരചടങ്ങിൽ പങ്കെടുക്കാനെത്തിയ ഉദയയോട് ബന്ധുക്കൾ അകൽച്ച കാട്ടിയതായി പൊലീസ് പറയുന്നു.