ഉദയ്പ്പൂർ: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം വീണ്ടും വിഷയമാക്കാനൊരുങ്ങി ആർ.എസ്.എസ്. രാമക്ഷേത്ര നിർമ്മാണത്തിന്റെ ഉത്തരവാദിത്തം തങ്ങൾ ഒരാളെ ഏൽപ്പിച്ചിട്ടുണ്ടെന്നും അതിലുള്ള പുരോഗമനം അറിയാൻ തങ്ങൾ ജാഗരൂകർ ആയിരിക്കുമെന്നും ആർ.എസ്.എസ് തലവൻ മോഹൻ ഭഗവത് രാജസ്ഥാനിലെ ഉദയ്പ്പൂരിൽ നടന്ന ഒരു പരിപാടിയിൽ പറഞ്ഞു.
"രാമനു വേണ്ടിയുള്ള ജോലി ചെയ്യാൻ സമയമായി. ഇത് നമ്മുടെ ജോലിയാണ്. അതുകൊണ്ട് ഇത് നമ്മൾ തന്നെ ചെയ്യണം. ഈ ജോലിയുടെ ഉത്തരവാദിത്തം ഞങ്ങൾ ഒരാളെ ഏൽപ്പിച്ചിട്ടുണ്ട്. അതിന് മേൽ എപ്പോഴും നമ്മുടെ ഒരു കണ്ണ് ഉണ്ടാകും' മോഹൻ ഭഗവത് പറഞ്ഞു.
ബി.ജെ.പിയുടെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ തുടക്കത്തിൽ രാമക്ഷേത്ര നിർമ്മാണം ഒരു പ്രധാന വിഷയമായിരുന്നു. ബി.ജെ.പി. തങ്ങൾക്ക് തന്ന വാക്ക് പാലിച്ചില്ലെന്ന് ആരോപിച്ച് വിശ്വ ഹിന്ദു പരിഷദ് ഉൾപ്പെടെയുള്ള സംഘടനകൾ പ്രക്ഷോഭവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ പുൽവാമ ഭീകരാക്രമണം ഉണ്ടായപ്പോൾ ഈ വിഷയം മുഖ്യധാരയിൽ നിന്നും മായുകയും ബി.ജെ.പി. ദേശീയവാദത്തിൽ അധിഷ്ഠിതമായി പ്രചാരണം പരിവർത്തിപ്പിക്കുകയും ചെയ്തു.