rahul-gandhi-

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട് കനത്ത പരാജയത്തെതുടർന്ന് അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറാനില്ലെന്ന് ഉറച്ച് രാഹുൽ ഗാന്ധി. രാജിയിൽ നിന്ന് പിന്തിരിപ്പിക്കാൻ മുതിർന്ന നേതാക്കൾ ശ്രമിച്ചെങ്കിലും രാഹുൽ ഗാന്ധി വഴങ്ങിയിട്ടില്ല. ഇതോടെ കോൺഗ്രസ് അദ്ധ്യക്ഷനായി പരിഗണിക്കുന്നതിനുള്ള പേരുകൾ നേതാക്കൾ ചർച്ച ചെയ്തു തുടങ്ങി. രാജി തീരുമാനത്തിൽ നിന്ന് രാഹുലിനെ പിൻമാറ്റാൻ സോണിയ ഗാന്ധിയും സഹോദരി പ്രിയങ്കയുമടക്കം നടത്തിയ ശ്രമങ്ങളും ഫലം കാണാത്തതിനെതുടർന്നാണ് പുതിയ നീക്കങ്ങൾ. സാധാരണ പാർട്ടി പ്രവർത്തകനായി തുടരാനാണ് രാഹുലിന് താത്പര്യമെന്നാണ് റിപ്പോർട്ടുകൾ.

ഗാന്ധി കുടുംബത്തിൽ നിന്ന് പുറത്തുള്ള പേരുകളാണ് അദ്ധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നത്. ഇതിൽ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ പേരാണ് ചർച്ചകളിൽ ഉയർന്നു കേൾക്കുന്നത്. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ എ.കെ.ആന്റണിയുടെ പേരും പരിഗണനയിലുണ്ട്. ഇവരുടെ കാര്യത്തിൽ തർക്കമുണ്ടായാൽ സമവായ സ്ഥാനാർത്ഥി എന്ന നിലയിൽ എല്ലാവർക്കും സ്വീകാര്യനെന്ന നിലയിൽ പൃഥ്വിരാജ് ചവാനെയും പരിഗണിക്കുന്നുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയാണ് അദ്ധ്യക്ഷ പദവിക്കായി പട്ടികയിലുള്ള മറ്റൊരു നേതാവ്.

സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലായിരുന്നു രാജസ്ഥാനിൽ കോൺഗ്രസ് ഭരണം പിടിച്ചത്. സച്ചിൻ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നൽകാത്തതിൽ സംസ്ഥാനത്ത് കടുത്ത അമർഷം ഉടലെടുത്തിരുന്നു. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി ആക്കിയിരുന്നെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിലും രാജസ്ഥാനിൽ കോൺഗ്രസിന് മികച്ച വിജയം നേടാമായിരുന്നുവെന്നാണ് വിലയിരുത്തൽ. യുവജന നേതാവ് എന്ന വിശേഷണവും സച്ചിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്നു

യു.പി.എ സർക്കാരിൽ രണ്ടാമനായിരുന്നു എ.കെ. ആന്റണി. എന്നാൽ അദ്ദേഹത്തിന് സാദ്ധ്യത വളരെ കുറവാണെന്നാണ് റിപ്പോർട്ടുകൾ. ഹിന്ദി ഹൃദയഭൂമിയിൽ നിന്നായിരിക്കണം കോൺഗ്രസ് അദ്ധ്യക്ഷൻ എന്നാണ് ഭൂരിഭാഗം നേതാക്കളുടെ ആഗ്രഹം. ആന്റണിക്ക് സംഘടനയെ വേണ്ട രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന വികാരവും നിലവിലുണ്ട്.