കൊൽക്കത്ത: പ്രചാരണത്തിനിറങ്ങാൻ കഴിയാതിരുന്ന ബംഗാളിലെ ബി.ജെ.പി. സ്ഥാനാർത്ഥി സൗമിത്ര ഖാനെ വിജയത്തിലേക്ക് നയിച്ചത് ഭാര്യ സുജാത നടത്തിയ പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുഗ്രഹത്തോടെയാണ് ഭർത്താവിന് വേണ്ടി സുജാത പ്രചാരണത്തിനിറങ്ങിയത്. സൗമിത്രയുടെ പേരിൽ കേസുകൾ നിലനിന്നിരുന്നതിനാൽ കൽക്കട്ട ഹൈക്കോടതി ഇദ്ദേഹത്തെ പ്രചാരണത്തിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയിരുന്നു.
"ബങ്കുരയിൽ പ്രചാരണം നടത്തുന്നതിൽ നിന്നും ഭർത്താവിനെ കോടതി വിലക്കിയതിൽ ഞാൻ ഏറെ വിഷമത്തിലായിരുന്നു. രാഷ്ട്രീയത്തിൽ മുൻപരിചയമില്ലാത്ത ഞാൻ പ്രചാരണത്തിനിറങ്ങാൻ തീരുമാനിച്ചപ്പോൾ റോഡ് ഷോകളും മറ്റും എങ്ങനെ നടത്തും എന്നതിനെ കുറിച്ച് യാതൊരു രൂപവും ഇല്ലായിരുന്നു. ഭർത്താവിനോടൊപ്പമുള്ള പാർട്ടി പ്രവർത്തകരാണ് എനിക്ക് ധൈര്യം തന്നത്.' തന്റെ ഭർത്താവിന് 76, 344 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജയം നേടിക്കൊടുത്ത സുജാത പറയുന്നു.
പ്രചാരണം എങ്ങനെ നടത്തുമെന്നറിയാതെ വിഷമിച്ച് നിന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഒരു പൊതു റാലിയിൽ വെച്ച് കാണാൻ ഇടയായെന്നും അദ്ദേഹം അനുഗ്രഹിച്ചപ്പോൾ താൻ പ്രചാരണത്തിനിറങ്ങാൻ തീരുമാനിച്ചതാണെന്നും സുജാത പറയുന്നു. താൻ ഒറ്റയ്ക്കല്ലെന്നും എല്ലാവരും തന്റെ കൂടെ ഉണ്ടെന്നും പേടിക്കേണ്ടതില്ലെന്നും മെയ് ഒൻപതിന് നടന്ന പൊതുറാലിയിൽ മോദി തന്നോട് പറഞ്ഞതായി സുജാത ഓർമ്മിക്കുന്നു.