madhura-raja

സൂപ്പർഹിറ്റ് സംവിധായകൻ വൈശാഖും മെഗാസ്റ്റാർ മമ്മൂട്ടിയും ഒന്നിച്ച ചിത്രം 'മധുരരാജ' 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചു. ചിത്രത്തിന്റെ നിർമ്മാതാവ് നെൽസൺ ഐപ്പാണ് ഈ വിവരം ആദ്യമായി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. ചിത്രം നേടിയ വൻവിജയത്തിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടാണ് നെൽസന്റെ പോസ്റ്റ്. തുടർന്ന് മമ്മൂട്ടിയും സംവിധായകൻ വൈശാഖും ഈ വിജയം ആഘോഷമാക്കി ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ചിത്രമിറങ്ങി നാൽപ്പത്തിയഞ്ച് ദിവസങ്ങൾക്കുള്ളിൽ 'മധുരരാജ' 104 കോടി കളക്ഷൻ നേടിയെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

റിലീസ് ദിവസം ചിത്രം 9.12 കോടി രൂപയാണ് കളക്ഷൻ നേടിയത്. സംവത്സരങ്ങൾ നീണ്ട നടൻ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും കൂടിയ മുതൽമുടക്കുള്ള ചിത്രമാണ് 'മധുരരാജ'. ചിത്രത്തിന്റെ മൂന്നാം ഭാഗമായി 'മിനിസ്റ്റർ രാജ' എന്ന പേരിൽ ഒരു ചിത്രവും അധികം താമസിയാതെ പുറത്തിറങ്ങമെന്നും സൂചനകളുണ്ട്. 2010ൽ ഇറങ്ങിയ 'പോക്കിരിരാജ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'മധുരരാജ'.

മമ്മൂട്ടിയെക്കൂടാതെ, ആർ.കെ. സുരേഷ്, നെടുമുടി വേണു, ബാലചന്ദ്രൻ ചുള്ളിക്കാട്, വിജയരാഘവൻ, സലിം കുമാർ, ബിജുക്കുട്ടൻ, മണിക്കുട്ടൻ, നോബി, എം.ആർ. ഗോപകുമാർ, അജു വർഗ്ഗീസ്, ധർമ്മജൻ ബോൾഗാട്ടി, നോബി, അനുശ്രീ, ഷംന കാസിം, മഹിമ നമ്പ്യാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്‌. ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിൽ ഡബ്ബ് ചെയ്തും പുറത്തിറക്കിയിരുന്നു.