മഥുര: തനിക്ക് ലഭിച്ച പദ്മശ്രീ പുരസ്കാരം തിരികെ നൽകാൻ ആലോചിക്കുന്നില്ലെന്നും പശുക്കളെ സേവിക്കാൻ മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്നും ജർമൻ പൗരയായ പദമശ്രീ ജേതാവ് ഫ്രഡറിക്കെ ഐറീന ബ്രൂണിങ്. രണ്ട് വർഷത്തിലേറെയായി ഉത്തർ പ്രദേശിലെ മഥുരയിൽ അസുഖം ബാധിച്ചതും ഉപേക്ഷിക്കപെട്ടതുമായ പശുക്കളെ സംരക്ഷിച്ച് പ്രശസ്തി ആർജിച്ച വ്യക്തിയാണ് ഫ്രഡറിക്കെ.
എന്നാൽ ഇതിന് മുൻപ്, ഇന്ത്യയിലുള്ള തന്റെ വിസാ കാലാവധി നീട്ടി നൽകിയില്ലെങ്കിൽ പദ്മശ്രീ തിരികെ ഏൽപ്പിക്കുമെന്ന് ഫ്രഡറിക്കെ ഭീഷണി മുഴക്കിയിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമായിരുന്നു ഇന്ത്യൻ തുടരാൻ അപേക്ഷിച്ചുകൊണ്ടുള്ള ഫ്രഡറിക്കെയുടെ അപേക്ഷ തള്ളിയത്. ഫ്രഡറിക്കെയ്ക്ക് വിസ നിഷേധിച്ചതിനെക്കുറിച്ച് താൻ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തിരുന്നു.
താൻ ഇന്ത്യയിൽ പണമൊന്നും സമ്പാദിക്കുന്നില്ലെന്നും ഭിക്ഷ തേടിയാണ് ജീവിക്കുന്നതെന്നും ഫ്രഡറിക്കെ പറയുന്നു. അങ്ങനെ കിട്ടുന്ന പണം കൊണ്ടാണ് പശുക്കളെ സംരക്ഷിക്കുന്നതെന്നും അവർ പറയുന്നു. തനിക്ക് തന്റെ രാജ്യത്തേക്ക് തിരിച്ച് പോകണം എന്നില്ലെന്നും അങ്ങനെ പോയാൽ പശുക്കളെ സംരക്ഷിക്കാൻ ആരും ഇല്ലാതാകുമെന്നും ഫ്രഡറിക്കെ പറഞ്ഞു. സന്യാസം സ്വീകരിച്ച ഫ്രഡറിക്കെ സുദേവി മാതാജി എന്നാണ് അറിയപ്പെടുന്നത്.