തിരുവനന്തപുരം: ജലഗതാഗതവും വിനോദസഞ്ചാരവും ലക്ഷ്യമാക്കി പാർവതി പുത്തനാറിനെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നവീകരണ പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടമാണ് നടക്കുന്നത്. മൂന്ന് ഘട്ടങ്ങളായാണ് നവീaകരണം. കഴിഞ്ഞ വർഷം ജൂണിൽ തുടങ്ങിയ ആദ്യഘട്ടം ഫെബ്രുവരിയിൽ പൂർത്തിയായിരുന്നു. കോവളം മുതൽ ആക്കുളം വരെയുള്ള 17 കിലോമീറ്റർ ദൂരത്തിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കുകയും ഒഴുക്ക് തടസപ്പെടുത്തിയ കാടും പടർപ്പും നീക്കുകയും ചെയ്യുന്ന പ്രവൃത്തികൾ ആദ്യഘട്ടത്തിൽ പൂർത്തിയായി. രണ്ട് അടിയോളം കനത്തിൽ കിടന്ന 60 ലോഡ് മാലിന്യമാണ് നീക്കം ചെയ്തത്.
ആറ് മാസം കൊണ്ട് 42 ലക്ഷം രൂപ ചെലവിൽ ആണ് ഒന്നാം ഘട്ട ശുചീകരണം പൂർത്തീകരിച്ചത്. ഇതിന്റെ തുടർച്ചയായി ചരക്ക് യാത്രാ സൗകര്യം നടത്താൻ പ്രാപ്തമാക്കുന്ന തരത്തിൽ ആറിന്റെ ആഴം കൂട്ടുന്ന ജോലികൾ പുരോഗമിക്കുകയാണ്. കോവളം -പനത്തുറ- തിരുവല്ലം- ഇടയാർ വഴി മൂന്നാറ്റുമുക്ക് -മുട്ടത്തറ -വള്ളക്കടവ് -ചാക്ക -കരിക്കകം - വേളി കായൽ തുടർന്ന് ആക്കുളം എന്നിങ്ങനെ വിവിധ ഘട്ടങ്ങളായാണ് ജലപാതയുടെ നവീകരണം നടക്കുന്നത്.
കോവളം മുതൽ കാസർകോട് വരെയുള്ള ജലപാതാ വികസനത്തിന്റെ ഭാഗമായി 2018 ജൂണിലാണ് സംസ്ഥാന സർക്കാരും, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടും ചേർന്ന് രൂപം നൽകിയ കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചറിന്റെ (ക്വിൽ) നേതൃത്വത്തിൽ പാർവതി പുത്തനാറിന്റെ ശുചീകരണ പദ്ധതികൾക്ക് തുടക്കം കുറിച്ചത്. കേരള ശുചിത്വ മിഷന്റെ സജീവ പങ്കാളിത്തവും നവീകരണത്തിനുണ്ട്.
രണ്ടാം ഘട്ടത്തിലെ ജോലികൾ
53 കോടി ചെലവിട്ടുള്ള രണ്ടാം ഘട്ട നിർമ്മാണത്തിലെ ജോലികളാണ് നിലവിൽ പുരോഗമിക്കുന്നത്. ഒരേ സമയം വിവിധ ഇടങ്ങളിലായിട്ടാണ് നിർമ്മാണവും നവീകരണവും നടക്കുന്നത്. ജലപാതയുടെ ഭാഗമായ പനത്തുറയിലെ പാലത്തിന്റെ നിർമ്മാണം, ആറിലേക്ക് വീടുകളിൽ നിന്ന് കക്കൂസ് മാലിന്യം നേരിട്ടെത്തുന്നത് തടയാൻ 600 വീടുകളിൽ സെപ്ടിക് ടാങ്ക് നിർമ്മാണം, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും ആശുപത്രികളിൽ നിന്നും മറ്റ് കച്ചവട സ്ഥാപനങ്ങളിൽ നിന്നും അനധികൃതമായി കുഴലുകൾ സ്ഥാപിച്ച് ആറിലേക്കൊഴുകുന്ന മാലിന്യം തടയാനുള്ള നിർമ്മാണ പ്രവൃത്തികൾ, ആറിന്റെ ഇരുകരകളും ബലപ്പെടുത്തുന്ന ജോലികൾ, വള്ളക്കടവിലെയും ചാക്കയിലെയും ബോട്ട് ജെട്ടി നിർമ്മാണം, ബയോഗ്യാസ് പ്ലാന്റുകളുടെ നിർമ്മാണവും സ്ഥാപിക്കലും തുടങ്ങിയ പ്രവൃത്തികളാണ് നിലവിൽ നടക്കുന്നത്. ഇരുകരകളിലുമുള്ള വീടുകളിൽ നിന്ന് മാലിന്യം ആറിലേക്ക് പതിക്കാതിരിക്കാൻ ഓടകൾ പണിഞ്ഞാണ് സംരക്ഷിക്കുക. പ്രത്യേക പൈപ്പ് ലൈൻ സ്ഥാപിച്ച് മുട്ടത്തറ ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനമാണ് സ്ഥാപിക്കുന്നത്. വർക്കലയിലെ ടണൽ സഞ്ചാരയോഗ്യമാക്കി കൊല്ലം മുതൽ കോവളം വരെയുള്ള ജലമൊഴുക്ക് ഉറപ്പാക്കുന്ന ജോലിയും രണ്ടാം ഘട്ടത്തിൽ ഉൾപ്പെടും.
ജലപാതയ്ക്കായി കൈയേറ്റമൊഴിപ്പിക്കും
ആറിന്റെ ഇരുകരകളിലെയും അനധികൃത കൈയേറ്റം ഒഴിപ്പിക്കുകയും ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്യുന്ന പ്രധാന പ്രവൃത്തി അടുത്ത ഘട്ടത്തിൽ നടക്കും. ഇരുകരകളിലുമായി 2718 കൈയേറ്റങ്ങളാണ് റവന്യൂ സർവേയിൽ കണ്ടെത്തിയത്. 25 മുതൽ 40 മീറ്റർ വീതിയാണ് ജലപാതയ്ക്ക് വേണ്ടത്. നിലവിൽ പലയിടത്തും അഞ്ചു മുതൽ 20 മീറ്റർ വീതി മാത്രമേയുള്ളൂ. 2.2 മീറ്റർ ആഴവും വേണം. വീടുകളും സ്ഥാപനങ്ങളും ബഹുനില കെട്ടിടങ്ങളുമടക്കമുള്ള നിരവധി കൈയേറ്റങ്ങൾ കണ്ടെത്തി ജലപാത നിർമ്മാണത്തിനായി ഒഴിപ്പിക്കേണ്ടി വരും. വേളി, കഠിനംകുളം കായലുകളെ ബന്ധപ്പെടുത്തിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള പാർവതി പുത്തനാർ തിരുവനന്തപുരം മുതൽ ഷൊർണൂർ വരെയുള്ള ടി.എസ് കനാലിന്റെ ഭാഗമാണ്.
കോവളത്ത് തുടങ്ങി ഭാരതപ്പുഴ വരെ വിവിധ നദികളെയും കായലുകളെയും ബന്ധിപ്പിക്കുന്ന ടി.എസ് കനാലിന്റെ വീണ്ടെടുപ്പിന് പാർവതി പുത്തനാറിന്റെ നവീകരണം വഴിതുറക്കുമെന്നാണ് പ്രതീക്ഷ.