തിരുവനന്തപുരം: കാണികൾക്ക് കലയുടെയും കൗതുകത്തിന്റെയും ആവേശരാവ് സമ്മാനിച്ച് സുപ്രിയ-കേരളകൗമുദി മേയ് ഫ്ളവർ. നൃത്ത, ഗാന വിസ്മയ പ്രകടനങ്ങളുമായി അരങ്ങ് കൊഴുപ്പിച്ച് അരങ്ങേറിയ മേയ് ഫ്ളവർ മെഗാ ഷോ കാഴ്ചക്കാരുടെ രുചിമേളത്തെ ആവോളം രസിപ്പിക്കുന്നതായിരുന്നു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം രാത്രി എട്ടോടെ ആരംഭിച്ച മെഗാ ഷോയിലെ വൈവിദ്ധ്യമാർന്ന കലാപ്രകടനങ്ങൾ കാണാൻ ഏറെ വൈകിയും നിശാഗന്ധിയിൽ സദസ് സജീവമായി. കൈയടിച്ചും ആരവം മുഴക്കിയും നൃത്തം ചെയ്തും സദസ് മേയ് ഫ്ളവറിനെ ആഘോഷക്കാഴ്ചയാക്കി. അവധി ദിവസത്തിൽ കുടുംബമായി നിശാഗന്ധിയിലെ കലാസന്ധ്യ ആസ്വദിക്കാനെത്തിയത് ആയിരത്തിലേറെപ്പേർ. ആഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ കാണികൾക്ക് കലാകാരന്മാർ നൽകിയത് പുതുമയാർന്ന പ്രകടനങ്ങളും.
വ്യത്യസ്തങ്ങളായ കലാപ്രകടനങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു മെഗാ ഷോ. ശ്രീനാരായണ ഗുരു എന്ന സിനിമയിലൂടെ പി. ജയചന്ദ്രന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത 'ആഴിയും തിരയും' എന്ന ഗാനം സുപ്രസിദ്ധ പിന്നണി ഗായകൻ സുദീപ് കുമാർ ആലപിച്ചതോടെയാണ് കലാപരിപാടികൾക്ക് തുടക്കമായത്. സൂപ്പർ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കി സുദീപ് കുമാറും ഗായത്രിയും നയിച്ച ഗാനമേള കലാവിരുന്നിൽ ആസ്വാദകർക്ക് ഹൃദ്യമായ അനുഭവമായി മാറി. സാംസണും ഗൗരികൃഷ്ണയും അനാമികയും തീർത്ത പാട്ടിന്റെ പാലാഴിയിൽ കാണികൾ താളം പിടിച്ചു. സാംസണിന്റെ ഫാസ്റ്റ് നമ്പരുകൾ കാണികളെ ഇളക്കിമറിച്ചു.
തെന്നിന്ത്യൻ താരസുന്ദരി ഷംനാ കാസിമിന്റെ നൃത്തമായിരുന്നു മെഗാ ഷോയുടെ ഹൈലൈറ്റുകളിൽ ഒന്ന്. കാണികൾ ഏറ്റവുമധികം ആവേശത്തോടെ ഏറ്റെടുത്തതും ഷംനയുടെ നൃത്തച്ചുവടുകൾ തന്നെ. കാണികളിൽ പൊട്ടിച്ചിരിയുടെ രസമുകുളങ്ങൾ നിറച്ചുകൊണ്ട് അരങ്ങേറിയ കോമഡി സ്കിറ്റിന് കലാഭവൻ സതീഷ് നേതൃത്വം നൽകി. സെവൻ കോഡ് ബാൻഡിന്റെ മ്യൂസിക്ക് പെർഫോമൻസ് ആണ് നിശാഗന്ധിയിൽ തിങ്ങിനിറഞ്ഞ യുവത്വത്തിന് ഹരമായി മാറിയ മറ്റൊരു ഇനം. സാംസൺ, അനാമിക, ഷാൻ, ഷിയ തുടങ്ങിയവർ സെവൻ കോഡ് ബാൻഡിന്റെ പെർഫോർമർമാരായി അരങ്ങിലെത്തി. സംഗീതോപകരണങ്ങളുടെ ശബ്ദാനുകരണത്തിലെ പൂർണതയുമായി വേദികൾ കീഴടക്കിയ ആദർശിന്റെ പ്രകടനവും, വിസ്മയ കാഴ്ചകളൊരുക്കി ഗിന്നസ് ബുക്കിൽ ഇടം നേടിയ സേലം സ്വദേശി സമ്പത്തിന്റെ പ്രകടനവും കാഴ്ചക്കാർക്ക് നവ്യാനുഭവമായി.
സുപ്രിയ മുഖ്യ സ്പോൺസറായ മേയ് ഫ്ലവർ-2019ൽ ജ്യോതിസ് സെൻട്രൽ സ്കൂൾ, എസ്.കെ ഹോസ്പിറ്റൽ, ശ്രീധന്യ ഹോംസ് എന്നിവർ സഹ സ്പോൺസർമാരും 92.7 ബിഗ് എഫ്.എം റേഡിയോ പാർട്ണറുമായി.