തിരുവനന്തപുരം: കുട്ടികൾക്കാവശ്യമായ സേവനങ്ങളും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കുന്ന ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ മൂന്ന് പൊലീസ് സ്റ്റേഷനുകൾ കൂടി ശിശു സൗഹൃദമാകുന്നു. ഫോർട്ട് പൊലീസ് സ്റ്റേഷനിൽ 2017 നവംബറിൽ ആരംഭിച്ച് മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന പദ്ധതി നഗരത്തിലെ കൂടുതൽ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പേരൂർക്കട, മെഡിക്കൽ കോളേജ്, പൂജപ്പുര എന്നീ സ്റ്റേഷനുകളും ഇനി മുതൽ ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകളായി മാറുന്നത്.
ജൂൺ ആദ്യവാരം മുതൽ ശിശു സൗഹൃദ പൊലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ചിൽഡ്രൻ ആൻഡ് പൊലീസ് (ക്യാപ്) നോഡൽ ഓഫീസർ സന്തോഷ് കുമാർ പറഞ്ഞു.
കുട്ടികളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പ് വരുത്തുക, പൊലീസ് സ്റ്റേഷനുകൾ ശിശു സൗഹൃദമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കേരള പൊലീസ് ആരംഭിച്ച ക്യാപ് പദ്ധതിയുടെ ഭാഗമായാണ് ശിശു സൗഹൃദ സ്റ്റേഷനുകൾ നടപ്പിലാക്കി വരുന്നത്.
ഐക്യരാഷ്ട്ര സഭയുടെ കുട്ടികളുടെ അവകാശ ഉടമ്പടിയുടെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നത്. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികളെയും നിയമപരമായ പ്രശ്നങ്ങളിൽ അകപ്പെട്ട കുട്ടികളെയും സ്റ്റേഷൻ അടിസ്ഥാനത്തിൽ കണ്ടെത്തുക, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുക, അനാരോഗ്യ പ്രവണതകളിൽ എത്തിച്ചേരാൻ സാദ്ധ്യതയുള്ള കുട്ടികളെ കണ്ടെത്തുകയും പിന്തിരിപ്പിക്കുകയും ചെയ്യുക, കുട്ടികളുൾപ്പെട്ട കുറ്രകൃത്യങ്ങളെ കുറിച്ച് സമഗ്ര പഠനം നടത്തുക, കുട്ടികളുടെ അവകാശങ്ങൾ, ഉത്തരവാദിത്വങ്ങൾ, കടമകൾ എന്നിവയെ കുറിച്ച് ബോധവാന്മാരാക്കുക, കുട്ടികൾക്കും രക്ഷിതാക്കൾക്കും ആത്മവിശ്വാസത്തോടെ സമീപിക്കാവുന്ന കേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റുക തുടങ്ങിയ ലക്ഷ്യങ്ങളും ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ എന്ന ആശയത്തിന് പിന്നിലുണ്ട്.
പഠനം പകുതിയാക്കി സ്കൂളിൽ നിന്ന് കൊഴിഞ്ഞുപോയ വിദ്യാർത്ഥികൾക്കും കൃത്യമായി സ്കൂളിൽ എത്താത്ത കുട്ടികൾക്കും ക്യാപിന്റെ നേതൃത്വത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് ക്ലാസുകൾ നടത്താറുണ്ട്. കൂടാതെ ചെറിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കൗൺസലിംഗ്, കോളനികളിൽ ലഹരി വിരുദ്ധ ക്ലാസുകളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കുക തുടങ്ങിയ പദ്ധതികളും ക്യാപിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ട്.
നഗരത്തിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളെ കൂടി ശിശു സൗഹൃദ പൊലീസ് സ്റ്റേഷനാക്കി മാറ്റുന്നതിന്റെ ഭാഗമായി അവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രന്റെയും യൂണിസെഫിന്റെയും സഹകരണത്തോടെ പി.എം.ജിയിലെ ഹോട്ടൽ പ്രശാന്തിൽ നടക്കുന്ന ദ്വിദിന പരിശീലന പരിപാടി ഇന്നലെ രാവിലെ ജില്ലാ പൊലീസ് മേധാവി സഞ്ജയ് കുമാർ ഗുരുദിൻ ഉദ്ഘാടനം ചെയ്തു. പുതുതായി പദ്ധതി നടപ്പിലാക്കുന്ന മൂന്ന് പൊലീസ് സ്റ്റേഷനുകളിലെയും ഫോർട്ട് പൊലീസ് സ്റ്റേഷനിലെയും പൊലീസുകാരെ മൂന്ന് ബാച്ചായി തിരിച്ചാണ് പരിശീലനം നൽകുന്നത്. പരിശീലന പരിപാടി ജൂൺ ഒന്നിന് അവസാനിക്കും.
ശിശു സൗഹൃദ പൊലീസ് സ്റ്റേഷന്റെ പ്രത്യേകതകൾ
കുട്ടികളുമായി ഇടപഴകുന്നതിന് പൊലീസ് സ്റ്റേഷനോട് ചേർന്ന് പ്രത്യേക മുറി
കുടിവെള്ളവും ശൗചാലയവും വിശ്രമിക്കാനുള്ളതുമായ സൗകര്യങ്ങൾ
ആകർഷകമായ ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ച സൗഹൃദാന്തരീക്ഷം
കുട്ടികൾക്കുള്ള വിനോദോപാധികൾ
കുട്ടികൾക്കായുള്ള മാഗസിനുകൾ, പത്രങ്ങൾ, കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളടങ്ങിയ പുസ്തകങ്ങളുടെ ചെറു ഗ്രന്ഥശാല
പ്രത്യേക ശിശുക്ഷേമ ഓഫീസർമാരുടെ സേവനം
കുട്ടികൾക്കായുള്ള സന്ദേശങ്ങളും വീഡിയോകളും പ്രദർശിപ്പിക്കുന്നതിനുള്ള സ്ക്രീൻ
കുട്ടികളിലെ അംഗപരിമിതർക്കുള്ള പ്രത്യേക സൗകര്യങ്ങൾ
പരാതിയും നിർദ്ദേശങ്ങളും സമർപ്പിക്കുന്നതിനുള്ള ക്യാപ് ബോക്സുകൾ